Flash News

അഭിമന്യു വധം: പിന്നില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് പി ടി തോമസ്

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെ ന്നും സിപിഎം എംഎല്‍എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് അന്വേഷിക്കണമെന്നും പി ടി തോമസ് എംഎല്‍എ. ഒരു ഓണ്‍ലൈന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഓരോ ദിവസം കഴിയുന്തോറും സംശയം വര്‍ധിക്കുകയാണ്. അഭിമന്യുവിന്റെ പിതാവ് പറഞ്ഞത് മകന്‍ വട്ടവടയിലായിരുന്നപ്പോള്‍ നിരന്തരമായി ഫോണ്‍ വിളികള്‍ വന്നുവെന്നാണ്. അത് ആരുടെ വിളികളായിരുന്നുവെന്നും ഏതു നമ്പറില്‍ നിന്ന് അഭിമന്യുവിന്റെ ഫോണിലേക്ക് വിളികള്‍ പോയി എന്നും അത് ആരാണെന്നും പോലിസ് വ്യക്തമായി പറയണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. സിപിഎം എംഎല്‍എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമാണ്. അവര്‍ വെറുതെ തെറ്റിദ്ധാരണയുടെ പേരില്‍ അത്തരത്തില്‍ ഒരു പോസ്റ്റ് ഇടുമെന്നു താന്‍ വിശ്വസിക്കുന്നില്ല. ഇതിനു സിപിഎം മറുപടി പറയണം. അഭിമന്യുവിന്റെ കൊലപാതകിയെന്നു സംശയിക്കുന്ന രണ്ടു കുട്ടികള്‍ എസ്എഫ്‌ഐയുടെ കൊടിയും പിടിച്ച് അഭിവാദ്യമര്‍പ്പിച്ചു നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്നു, അതിനെക്കുറിച്ച് സിപിഎം മൗനം ദീക്ഷിക്കുന്നതെന്താണ്.
അഭിമന്യു വീട്ടില്‍ പോയപ്പോള്‍ നിരന്തരമായി ഫോണില്‍ വിളിച്ചയാള്‍ ആരാണെന്നു കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ചാല്‍ കണ്ടുപിടിക്കാവുന്ന കാര്യമേയുള്ളൂ. അതു പുറത്തുവിടട്ടേയെന്ന് എംഎല്‍എ പറഞ്ഞു. മഹാരാജാസ് കോളജില്‍ മറ്റു വിദ്യാര്‍ഥി സംഘടനകളേയൊന്നും അനവദിക്കാതെ ഏക പാര്‍ട്ടി കാംപസാക്കി മാറ്റിയത് എസ്എഫ്‌ഐയാണ്. മഹാരാജാസ് കോളജിന്റെ ഹോസ്റ്റലില്‍ ഭൂരിഭാഗവും അവിടെ പഠിക്കാത്തവരും സാമൂഹികവിരുദ്ധരുമാണ്. ഇതിനെതിരേ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പി ടി തോമസ് ചോദിച്ചു. കെഎസ്‌യുവിന്റെ ഫേസ്ബുക്കില്‍ അഭിമന്യുവിന്റെ ഫോട്ടോ ഇട്ടുവെന്ന് വച്ച് അതിന്റെ അര്‍ഥം മഹാരാജാസിലേത് സൗഹാര്‍ദമപരമായ കാംപസാണെന്നല്ല. മഹാരാജാസില്‍ കെഎസ്‌യു 10 കുട്ടികളെ കൂടുതല്‍ സംഘടിപ്പിച്ചാല്‍ ആ സംഘടിപ്പിക്കുന്ന കെഎസ്‌യുക്കാരന്റെ കൈ തല്ലിയൊടിക്കും. സര്‍ക്കാര്‍ കോളജിന്റെ കവാടത്തില്‍ ചെങ്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതി വയ്ക്കാന്‍ പറ്റുമോ. അതു തടയാന്‍ എന്തുകൊണ്ടാണ് സര്‍ക്കാരിന് കഴിയാത്തതെന്നും പി ടി തോമസ് ചോദിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ വര്‍ഗീയതയ്‌ക്കെതിരേ കൂട്ടായ്മയൊക്കെ നടത്തുന്നത് നല്ല കാര്യമാണ്. പക്ഷേ, കാംപസ് ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള സംഘടനകളുമായി സിപിഎം ഒരു സഖ്യവും സ്വീകരിക്കില്ലെന്നു പറയാന്‍ തന്റേടമുണ്ടോയെന്നും പി ടി തോമസ് എംഎല്‍എ ചോദിച്ചു.
Next Story

RELATED STORIES

Share it