അഭിമന്യു വധം: ചോദ്യംചെയ്യുന്നതിന് നിയമപരമായി നോട്ടീസ് നല്‍കി വിളിച്ചുവരുത്തണം- ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനുണ്ടെങ്കില്‍ അത് നിയമപരമായി നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയശേഷം മാത്രമേ പാടുള്ളൂവെന്ന് ഹൈക്കോടതി. പോലിസ് പീഡനം ആരോപിച്ച് തമ്മനം ചക്കരപറമ്പ് സ്വദേശി എ എച്ച് സുനിത സമര്‍പ്പിച്ച ഹരജിയിലെ നടപടികള്‍ അവസാനിപ്പിച്ചാണ് ഹൈക്കോടതി നിര്‍ദേശം.
കൊലക്കേസിലെ പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിച്ചു എന്നു പോലിസ് സംശയിക്കുന്ന ഷിജുവിന്റെ ഭാര്യയാണു സുനിത. പോലിസ് നിയമവിരുദ്ധമായി തടങ്കലില്‍ വച്ചു പീഡിപ്പിക്കുന്നതായി സുനിതയ്ക്കു വേണ്ടി ഹാജരായ അഡ്വ. എ രാജസിംഹന്‍ വാദിച്ചു. കൊലക്കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് പോലിസ് പറയുന്നത്. ഈ മാസം 9ാം തിയ്യതി വീട് റെയ്ഡ് ചെയ്ത പോലിസ് സംഘം രാത്രി 9.45 വരെ പിടിച്ചുവച്ചു ചോദ്യംചെയ്തു. 12ന് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ രാത്രി ഒമ്പതുവരെ പിടിച്ചിരുത്തി. അവിടെ നിന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍ കൊണ്ടുപോയി 10.30നാണ് വിട്ടത്. കൊലക്കേസില്‍ പ്രതിയാക്കുമെന്ന് എസിപി ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണി താങ്ങാനാവാതെ ബോധം നഷ്ടപ്പെട്ടെങ്കിലും പോലിസ് ഗൗനിച്ചില്ല. 14ന് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. 22ന് രാത്രി ഏഴു വരെ തടങ്കലില്‍ വച്ചു. 23ന് വീണ്ടും പാലാരിവട്ടം സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. നിയമവിരുദ്ധമായാണ് ഇതെല്ലാം ചെയ്തത്. പോലിസ് നടപടി ഡി കെ ബസു, പശ്ചിമബംഗാള്‍ കേസിലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും പോലിസ് പീഡനത്തിന് ഇരയായതിനാല്‍ നഷ്ടപരിഹാരം വേണമെന്നും അഡ്വ. രാജസിംഹന്‍ വാദിച്ചു. നിയമപ്രകാരം മാത്രമാണ് നടപടി സ്വീകരിച്ചതെന്നും നോട്ടീസ് നല്‍കി മാത്രമേ വിളിച്ചുവരുത്തൂ എന്നും പോലിസ് കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it