അഭിമന്യുവധം ഉയര്‍ത്തുന്ന പ്രശ്‌നം

ജെ  ദേവിക
സത്യം പറഞ്ഞാല്‍ അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ ഞെട്ടിക്കുന്ന കൊലപാതകത്തിനുശേഷം ആ ചെറുപ്പക്കാരന്റെ മാതാവിന്റെ വിലാപം മാത്രമാണ് ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നത്. ആ ശബ്ദം മനസ്സില്‍ നിന്ന് മായുന്നതേയില്ല.
അതുകൊണ്ട് ഹാദിയാ കേസ് നടന്ന കാലത്ത് സിപിഎമ്മിന്റെ സൈബര്‍ ബുദ്ധിജീവി-ഗുണ്ടകള്‍ ഉണ്ടാക്കിയെടുത്ത ആയുധങ്ങള്‍ അവര്‍ ഫേസ്ബുക്കിലും പുറത്തും പ്രയോഗിക്കുന്നത് കണ്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കളിയില്‍ തോറ്റ പാണ്ഡവരോട് ദ്രൗപദിയെവിടെ എന്ന് അലറിയ ദുശ്ശാസനന്റെ അട്ടഹാസത്തോട് സാമ്യം തോന്നിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലതും ഇവരുടേതായി കണ്ടു. എവിടെ ഓണററി സുഡാപിനി, എവിടെ അന്താരാഷ്ട്ര സുഡാപിനികള്‍ എന്നൊക്കെ അലറുന്നവ.
ഒരുവിധത്തിലും ന്യായീകരിക്കാനാവാത്ത ഈ കൊലപാതകം സൃഷ്ടിച്ച വേദന പരസ്യമായി പ്രകടിപ്പിക്കലോ, ഏറ്റവും അനീതിപൂര്‍ണമായ ഈ നഷ്ടം സഹിക്കേണ്ടിവന്നവര്‍ക്ക് നീതി ആവശ്യപ്പെടുകയോ അല്ല ഇവരുടെ ഉദ്ദേശ്യമെന്നു തോന്നുന്നു. മറിച്ച്, ഈ കൊലപാതകത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് മലയാളികള്‍ക്കു നിര്‍ദേശവും, ആ വിധത്തിലല്ല പ്രതികരണമെങ്കില്‍ സഹിക്കേണ്ടിവരുന്നത് എന്തെന്നതിനെപ്പറ്റിയുള്ള  ഭീഷണിയോളമെത്തുന്ന മുന്നറിയിപ്പുമാണ് അവയിലാകെ. ആത്മാര്‍ഥമായ ഒരു ശബ്ദം പോലും ആ വിഷയത്തെപ്പറ്റി പൊതുജീവിതത്തില്‍ കേള്‍ക്കാനാവുന്നില്ലെന്ന കാര്യമാണ് എന്നെ അങ്ങേയറ്റം ഭയപ്പെടുത്തുന്നത്. നഷ്ടങ്ങളില്‍ ദുഃഖിക്കാനും ദുഃഖം എന്ന അനുഭവത്തിലൂടെ മാത്രം തെളിയുന്ന ഉള്‍ക്കാഴ്ചകള്‍ തിരിച്ചറിയാനുമുള്ള ശേഷി സമൂഹത്തില്‍ അന്യംനിന്നിരിക്കുന്നു.
ഒരാളുടെ ജീവന്‍, അല്ലെങ്കില്‍ ജീവിതസ്വാതന്ത്ര്യം  അക്രമത്തിലൂടെയും ഹിംസയിലൂടെയും തട്ടിയെടുക്കപ്പെടുന്ന അവസരങ്ങളില്‍ പൊതു പ്രതികരണങ്ങള്‍ അതിവൈകാരികത മാത്രമാകുന്നത് ജനാധിപത്യത്തെ വളര്‍ത്തുകയല്ല, തളര്‍ത്തുകയാണ് പതിവ്. ഒരളവു വരെ അവ ഒഴിവാക്കാനാവില്ല. ചിലപ്പോഴെങ്കിലും, ഉന്നയിക്കപ്പെടുന്ന പ്രശ്‌നത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍   വൈകാരികത സഹായിച്ചേക്കാം. എന്നാല്‍, പലപ്പോഴും അത് വിഷയത്തെ സ്ഥാപിതതാല്‍പര്യം ഉറപ്പിക്കാനുള്ള ഉപകരണം മാത്രമാക്കാനുള്ള കുടിലതന്ത്രങ്ങള്‍ക്കു നല്ല മറയാണ്. വാചകമടിയില്‍പ്പോലും സോഷ്യലിസത്തെയും പലപ്പോഴും ജനാധിപത്യത്തെ തന്നെയും ഉപേക്ഷിച്ചുതുടങ്ങിയിരിക്കുന്ന സിപിഎം നേതൃത്വത്തിന് ഇതു നന്നായി അറിയാം.
ഹാദിയാ വിഷയത്തില്‍ അവര്‍ കളിച്ച കളി മറക്കാറായിട്ടില്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് മരണത്തിനോടടുത്തുവരുന്ന വിവാഹം റദ്ദാക്കല്‍ കോടതി സമ്മാനിച്ചപ്പോള്‍ സിപിഎം നേതൃത്വവും അവരുടെ ആണ്‍-പെണ്‍ സൈബര്‍ഗുണ്ടകളും നമ്മോട് പറഞ്ഞത് മറ്റൊന്നും ഓര്‍ക്കേണ്ട, ഇത് തീവ്ര മുസ്‌ലിംകളുടെ കളിയാണ്, അവരെ ഇല്ലാതാക്കാനുള്ള അവസരമാണിത് എന്നാണ്. പിഎഫ്‌ഐയുടെ തീവ്ര മുസ്‌ലിംചിന്ത, അവരുടെ യാഥാസ്ഥിതിക സാമൂഹിക കടന്നുകയറ്റം മുതലായവയെപ്പറ്റി നിങ്ങളുടെ കൈവശമുള്ള ഉറപ്പുള്ള തെളിവുകള്‍ ദയവായി പരസ്യമാക്കൂ എന്ന് ഞാനടക്കമുള്ള പലരും അഭ്യര്‍ഥിച്ചതാണ്. ആ തെളിവ് ബലമുള്ളതാണെങ്കില്‍ ആ സംഘടനയെ തള്ളിപ്പറയാമെന്ന് പലവട്ടം പരസ്യമായി പ്രഖ്യാപിച്ചതാണ്. യാതൊരു പ്രതികരണവും ഇതിനുണ്ടായില്ല. മറിച്ച്, കേരളത്തിലെ ഭൂരിപക്ഷം ഇങ്ങനെ ചിന്തിക്കുന്നു, അതിനാല്‍ അതാണ് സത്യം എന്ന ഭൂരിപക്ഷഹുങ്ക് നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് സിപിഎം ഗുണ്ടകള്‍ സ്വീകരിച്ചത്.  കൈയൂക്കും ഭൂരിപക്ഷവും ഭരണകൂടസ്വാധീനവുമുള്ള ഞങ്ങള്‍ പറയുന്നതിനെ സത്യമായി അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ എല്ലാവരും സുഡാപിനികളും മറ്റുമാണെന്ന് അധിക്ഷേപിച്ചാല്‍ മതി എന്നായിരുന്നു അവരുടെ തീരുമാനം. അവര്‍ സിപിഎം എന്നാല്‍ സെക്യുലറിസം എന്ന സമവാക്യം വായ കൊണ്ടു പറയുകയും പ്രവൃത്തി മുഴുവന്‍ ഹിന്ദുത്വവാദികളില്‍ അസൂയ ഉളവാക്കുന്ന ഭൂരിപക്ഷഹുങ്ക് കൊണ്ടു നിറയ്ക്കുകയും ചെയ്തു.
പക്ഷേ, ഇതിലുപരിയായി, ഹാദിയാ വിഷയത്തെ മുഖ്യമായും സിപിഎം-പിഎഫ്‌ഐ സംഘര്‍ഷമായി വേണം കാണാനെന്നുള്ള അവരുടെ പ്രചാരണത്തെ ചോദ്യംചെയ്യാനും മറികടക്കാനുമാണ് ഞാനുള്‍പ്പെടെ പലരും ശ്രമിച്ചത്. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ മൗലികാവകാശങ്ങളുടെ നിഷേധമെന്ന കാതലായ പ്രശ്‌നത്തെ താരതമ്യേന നിസ്സാരമാക്കിക്കാട്ടാനുള്ള തന്ത്രമായിരുന്നു അതെന്നാണ് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. എന്തായാലും ഹാദിയാ വിഷയത്തില്‍ സിപിഎം സൈബര്‍ ബുദ്ധിജീവിഗുണ്ടകള്‍ ലക്ഷ്യംകണ്ടില്ല. ആഗ്രഹിച്ചതുപോലെ ആ വിഷയത്തെ ചുരുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇന്ന് ഹാദിയാ കേസ് ഇന്ത്യന്‍ സാമൂഹിക ജനാധിപത്യത്തിന് കരുത്തേകിയ സംഭവമായി മാറിയെങ്കില്‍ അക്കാര്യം സംശയാതീതം തന്നെ. കഴിഞ്ഞ മാസങ്ങളില്‍ ചെറുപ്പക്കാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച കോടതി തീരുമാനങ്ങളിലും ഇപ്പോള്‍ 377ാം വകുപ്പിനെപ്പറ്റി നടക്കുന്ന ചര്‍ച്ചയിലും ഹാദിയാ കേസ് പരാമര്‍ശിക്കപ്പെടുന്നത് ആകസ്മികമായല്ല. അതിന്റെ ക്രെഡിറ്റ്  തീര്‍ച്ചയായും സിപിഎമ്മിനോ അവരുടെ സൈബര്‍ പടയ്‌ക്കോ ആസ്ഥാന ഫെമിനിസ്റ്റുകള്‍ക്കോ അല്ല. മറിച്ച്, ഈ വിഷയത്തെ സിപിഎം-പിഎഫ്‌ഐ സംഘര്‍ഷമായി ചുരുക്കാനുള്ള ഇവരുടെ ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ചവരാണ് അതു സാധ്യമാക്കിയത്.
ഹാദിയാ വിഷയത്തിലെന്നപോലെ അഭിമന്യുവിന്റെ കൊലപാതകത്തിലും കാതലായ വിഷയം നാം ചര്‍ച്ച ചെയ്യരുതെന്ന വാശിയാണ് പ്രതികരണങ്ങളില്‍ അധികവും. കേരളത്തിലെ ചെറുപ്പക്കാരെ, പ്രത്യേകിച്ച് സമൂഹത്തില്‍ പലതരം സാമ്പത്തിക ഇല്ലായ്മകളും സാമൂഹിക ഒഴിവാക്കലുകളും സഹിക്കേണ്ടിവരുന്നവരായ യുവാക്കളെ, ഇവിടത്തെ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെപ്പറ്റി തുറന്നതും സത്യസന്ധവുമായ ഒരു സ്വയം തിരച്ചില്‍ നാം നടത്തേണ്ടതാണ് അഭിമന്യുവധം ഉയര്‍ത്തുന്ന കാതലായ പ്രശ്‌നം. കേരളത്തിലെ ഇടതു വിജയഗാഥയില്‍ ഉള്‍പ്പെടാത്ത സമുദായാംഗമായിരുന്നു കൊല്ലപ്പെട്ട യുവാവ്. ആ പിന്നാക്കാവസ്ഥയെ ഓര്‍ത്ത് നെടുവീര്‍പ്പിടുകയും വികാരംകൊള്ളുകയും ചെയ്യുന്ന സിപിഎം അനുകൂലികള്‍ ആ അവസ്ഥയുടെ തുടര്‍ച്ചയില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തം സമ്മതിക്കുക തന്നെ വേണം, ആദ്യം. അഭിമന്യുവിനെപ്പോലെ പരിസ്ഥിതി അവബോധവും ട്രാന്‍സ് അവബോധവുമുള്ള, പലപ്പോഴും സാമൂഹിക പുറന്തള്ളലില്‍ നിന്ന് കരകയറാന്‍ നോക്കുന്ന, ചെറുപ്പക്കാരെ കാംപസുകളില്‍ നിര്‍ത്തി കൈയടി നേടുകയും പരിസ്ഥിതിയെ പാടെ തകര്‍ക്കുന്ന, മൂലധനത്തിന് വഴിയൊരുക്കുന്ന, ലിംഗ-ലൈംഗിക യാഥാസ്ഥിതികത്വത്തെ പ്രായോഗികതലത്തില്‍ ഇപ്പോഴും ഊട്ടിവളര്‍ത്തുകയും ചെയ്യുന്ന സിപിഎം വൃദ്ധനേതൃത്വം (അവരുടെ ചെറുപ്പക്കാരടക്കം ഹാദിയയുടെ പിതാവിന്റെ അവകാശങ്ങള്‍ക്കായി വിലപിച്ചത് മറക്കാനും കഴിയുന്നില്ല) സ്വയംവിമര്‍ശനത്തിനു തയ്യാറാകണം. കാരണം, കാംപസുകളില്‍ ജനകീയവും മൂലധനവിരുദ്ധവും സാമൂഹിക ജനാധിപത്യത്തോടു പ്രതിബന്ധവുമായ ഒരു മുഖം നിലനിര്‍ത്താന്‍ വേണ്ടിത്തന്നെയാണ് അഭിമന്യുവിനെപ്പോലുള്ളവര്‍ ഉപയോഗിക്കപ്പെടുന്നത്. ഇന്നാവട്ടെ, സമൂഹത്തില്‍ വിഭവദാരിദ്ര്യം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ചെറുപ്പക്കാരാണ് ആര്‍ട്‌സ്-സയന്‍സ് കോളജുകളിലെത്തുന്നത്. മുമ്പ് പറഞ്ഞ മനുഷ്യത്വമുഖമുള്ള ചിലരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പിടിച്ചെടുക്കലിന്റെയും അടിപ്പെടുത്തലിന്റെയും നിലയ്ക്കുനിര്‍ത്തലിന്റെയും സംസ്‌കാരം തന്നെയാണ് മിക്ക കോളജുകളിലും. രണ്ടും കൊണ്ടുള്ള നഷ്ടം ഒടുവില്‍ ദരിദ്രരും സാമൂഹിക പുറന്തള്ളല്‍ അനുഭവിക്കുന്നവരുമായ ചെറുപ്പക്കാരാണ്.
കാംപസ് ഫ്രണ്ടിലും പോപുലര്‍ ഫ്രണ്ടിലും കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് സമീപകാലത്തുണ്ടായ സാമ്പത്തിക ഉന്നതിയുടെ ഗുണം ലഭിക്കാതെ പോയ വിഭാഗങ്ങളാണ് അണികളായി കാണപ്പെടുന്നത്. അഭിമന്യുവധത്തില്‍ അവര്‍ യഥാര്‍ഥത്തില്‍ ഉള്‍പ്പെട്ടോ എന്നത് ഇനിയും തെളിയേണ്ട കാര്യമാണ്. എന്നാല്‍ കോളജുകളില്‍ എസ്എഫ്‌ഐ-കാംപസ് ഫ്രണ്ട് സംഘര്‍ഷം കുറേക്കാലമായി, വളരെ ഹിംസാത്മകമായി നിലനില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ആ സ്ഥിതിക്ക് സ്വയംവിമര്‍ശനത്തിനു തയ്യാറാവാന്‍ കാംപസ് ഫ്രണ്ടും പോപുലര്‍ ഫ്രണ്ടും ബാധ്യസ്ഥരാണ്.  ഭൂരിപക്ഷവാദം ന്യൂനപക്ഷങ്ങളെ ശക്തിഹീനരാക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയോടുള്ള പ്രതികരണം തിരിച്ചുള്ള ഹിംസയാകുന്നത് തീര്‍ച്ചയായും ശാക്തീകരണമൊന്നുമല്ല. കാരണം, ശാക്തീകരണമെന്ന സങ്കല്‍പം ആന്തരികമായ അവസ്ഥയെയാണ്, അല്ലാതെ കൈയൂക്കിനെയല്ല കുറിക്കുന്നത്. കാഡറും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെ ഊന്നിപ്പറയുന്നത് ഞാന്‍ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരമാകുന്നില്ല. കൈവെട്ടുകേസ് പോലുള്ള അപൂര്‍വ സംഭവങ്ങളെപ്പറ്റിയല്ലല്ലോ പറയുന്നത്. അത്തരം സംഭവങ്ങളില്‍ നേതൃത്വത്തിന്റെ നിയന്ത്രണത്തിന് എതിരായി ചിലര്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിക്കാം. ഞാന്‍ ചോദിക്കുന്നത്, കോളജുകളിലെ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട മൂല്യങ്ങളെപ്പറ്റിയാണ്. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍ സൃഷ്ടിച്ച ഹിംസാത്മക സംസ്‌കാരത്തെ അതേ മുള്ളുകൊണ്ട് എടുക്കാന്‍ ശ്രമിച്ചാല്‍, അത് തിരിച്ചടിക്കാനാണിട. വിശേഷിച്ചും, ഭൂരിപക്ഷവാദം ഹിന്ദുത്വവാദികളില്‍ നിന്നും പ്രച്ഛന്ന ഹിന്ദുത്വവാദികളില്‍ നിന്നും ഒരേ ശക്തിയോടെ പ്രവഹിക്കുന്ന സാഹചര്യത്തില്‍. കാംപസ് ഫ്രണ്ട് സ്വതന്ത്ര സംഘടനയാണ്, ചെയ്തത് കാഡര്‍ അല്ല മുതലായ ന്യായങ്ങള്‍ തീരെ ഫലപ്രദമല്ലെന്നു മാത്രമല്ല, അവ ഉന്നയിക്കുന്നത് അധാര്‍മികവുമാണ്.
മാനംമുട്ടെ വളര്‍ന്ന മുസ്‌ലിംഭീതിയെ ഇനിയുമധികം പുഷ്ടിപ്പെടുത്താതെ, അതിവൈകാരികതയുടെ അരാഷ്ട്രീയതയുടെ മറയുപയോഗിച്ച് സ്ഥാപിതതാല്‍പര്യങ്ങളെ വളര്‍ത്താതെ, ഈ സംഭവം ഉയര്‍ത്തുന്ന പൊതുപ്രശ്‌നം ഏതെന്ന് ഇനിയെങ്കിലും നാം ആലോചിക്കണം. കുറഞ്ഞപക്ഷം ഇനിയെങ്കിലും യുവാക്കള്‍ ഈ മല്‍സരത്തെ രാഷ്ട്രീയമെന്നു തെറ്റിദ്ധരിച്ച് സ്വയം ഹോമിക്കുന്ന, അല്ലെങ്കില്‍ ബലിയാടുകളാകുന്ന രീതി മാറണം. അല്ലാത്തപക്ഷം അഭിമന്യു എന്ന യുവാവിനും പോലിസ് അന്വേഷണത്തില്‍ കുടുങ്ങാനിടയുള്ള എത്രയോ മുസ്‌ലിം ചെറുപ്പക്കാര്‍ക്കും നീതി ഒരുപോലെ നിഷേധിക്കപ്പെടും; നമ്മുടെ ജനാധിപത്യം ഇനിയും ചുരുങ്ങും.        ി

(കടപ്പാട്: കാഫില.ഓര്‍ഗ്)
Next Story

RELATED STORIES

Share it