അഭിഭാഷക നിയമനത്തില്‍ ക്രമക്കേട്: സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനങ്ങളില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിലെ ഗവ. പ്ലീഡര്‍മാരുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും നിയമനങ്ങളില്‍ സര്‍ക്കാര്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയാതായി ആരോപിച്ചാണ് കൊച്ചിയില്‍ അഭിഭാഷകരായ കെ സി ബിനീഷും മറ്റും പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.

വിശദീകരണ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കച്ചവട സ്ഥാപനങ്ങളും ജാതിസംഘടനകളും നിര്‍ദേശിക്കുന്നവരെ മാത്രമാണ് നിയമനത്തിനായി ജില്ലാ കലക്ടര്‍മാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എബ്രഹാം വാക്കനാല്‍ കോടതിയില്‍ ബോധിപ്പിച്ചു. നിയമനത്തിനു മുമ്പ് ജില്ലാ ജഡ്ജിമാരുമായി കൂടിയാലോചന നടത്തണമെന്ന വ്യവസ്ഥ ലംഘിച്ചാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ചതെന്നും അദ്ദേഹം ബോധിപ്പിച്ചു.
Next Story

RELATED STORIES

Share it