kozhikode local

അഭിഭാഷകര്‍ ജുഡീഷ്യറിയുടെ പാരമ്പര്യം ഉള്‍ക്കൊള്ളണം: ചീഫ് ജസ്റ്റിസ്‌

കോഴിക്കോട്: അഭിഭാഷകര്‍ ജുഡീഷ്യറിയുടെ പാരമ്പര്യം ഉള്‍ക്കൊള്ളണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്. ദൈ്വ ശതാബ്ദി സ്മാരക കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ കോടതികള്‍ക്കും അഭിഭാഷകര്‍ക്കും നീതിന്യായ ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. കോടതികളില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധവുണ്ടായിട്ടുണ്ട്. കോടതികളില്‍ നിന്ന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ന്യായാധിപന്‍മാര്‍ ശ്രദ്ധ ചെലുത്തണം.
കോഴിക്കോട്ടെ കോടതിയില്‍ നിന്ന് കഴിവുറ്റ നിരവധി അഭിഭാഷകരാണ് ഹൈക്കോടതി ഉള്‍പ്പെടെ ഉന്നത നീതിപീഠത്തിലെത്തിയിട്ടുള്ളത്. ജുഡീഷ്യറി ഭാവിയെ സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്. സദസ്സിലിരുന്ന രണ്ട് സീനിയര്‍ അഭിഭാഷകരെ ചീഫ് ജസ്റ്റിസ് തന്റെ പ്രസംഗത്തിനിടയില്‍ പേരെടുത്ത് വിളിച്ച് ആശംസ അറിയിച്ചു. ശബരിമല വിധി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടുന്ന ചരിത്ര വിധിയാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അംബേദ്കറല്ല ഇന്ത്യയിലെ ജനങ്ങളാണ് ഭരണഘടന നിര്‍മിച്ചിരിക്കുന്നത്. അതില്‍ വിവേചനം പാടില്ല. കോടതികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലുകളൊന്നുമില്ല. കോടതികളുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സര്‍ക്കാര്‍ നിരാകരിക്കാറില്ല. കോഴിക്കോട് കോടതി കെട്ടിടം പണി നിര്‍ത്തി പോയ കരാറുകാരനെ മന്ത്രി വിമര്‍ശിച്ചു. കൈക്കൂലി നല്‍കി ജോലി തീര്‍ക്കുന്നവരാണ് കോണ്‍ട്രാക്റ്റര്‍മാര്‍ എന്നാണ് ജനങ്ങള്‍ ധരിച്ചിരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. കോണ്‍ട്രാക്റ്റര്‍മാര്‍ ഒരു ഭാഗത്താണെങ്കില്‍ മറു ഭാഗത്ത് ഗവണ്‍മെന്റുണ്ട്. ജപ്പാനില്‍ നിന്നുള്ള മെഷീനുകള്‍ കൊണ്ടാണ് ഇപ്പോഴത്തെ റോഡ് നിര്‍മാണം. അത്‌കൊണ്ട് റോഡുകള്‍ തകരില്ല. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പരിശീലനത്തിന് അക്കാദമി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പിഎസ്‌സി ലിസ്റ്റില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ പരിശീലനം ലഭിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജഡ്ജ് എം ആര്‍ അനിത, ചീഫ് എഞ്ചിനീയര്‍ ഇ കെ ഹൈദ്രു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ കെ കൃഷ്ണകുമാര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, എം കെ രാഘവന്‍ എംപി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഹൈക്കോടതി ജഡ്ജി സി കെ അബദുറഹീം, ജില്ലാ കലക്ടര്‍ യു വി ജോസ്, ഗവണ്‍മെന്റ് പ്ലീഡര്‍ കെ എന്‍ ജയകുമാര്‍, ജില്ലാ പോലിസ് മേധാവി എസ് കാളി രാജ് മഹേഷ് കുമാര്‍, കെ ദേവസന്‍, അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ സോമന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it