അഭിഭാഷകന് അഭിവാദ്യമര്‍പ്പിച്ച് ഫഌക്‌സ്; അതൃപ്തി പുകയുന്നു

കണ്ണൂര്‍: മനോജ് വധക്കേസില്‍ സിബിഐ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. കെ വിശ്വന് അഭിവാദ്യം അര്‍പ്പിച്ച് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ തലശ്ശേരി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ കടുത്ത അതൃപ്തി. സിപിഎം നിയന്ത്രണത്തിലുള്ള അഭിഭാഷക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സംഘടനയുടെ ജില്ലാ നേതൃത്വത്തിനും ഫഌക്‌സ് വച്ച് അിവാദ്യമര്‍പ്പിച്ച രീതിയില്‍ അതൃപ്തിയുണ്ട്. ബാര്‍ കൗണ്‍സില്‍ തീരുമാന പ്രകാരം ഏതെങ്കിലും കേസ് വാദിച്ച അഭിഭാഷകര്‍ക്കു വേണ്ടി പരസ്യത്തിന് സമാനമായി ഫഌക്‌സ് സ്ഥാപിച്ച് അഭിവാദ്യമര്‍പ്പിക്കുന്നത് ധാര്‍മികതയ്‌ക്കെതിരാണ്. ഇതൊക്കെ മറന്ന് ഫഌക്‌സുകള്‍ സ്ഥാപിച്ചത് നിയമത്തെയും ധാര്‍മികതയെയും പരിഹസിക്കലാണെന്ന നിലപാടിലാണ് ഒരുവിഭാഗം അഭിഭാഷകര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തും അതിന് സമാനമായ രാഷ്ട്രീയ പ്രതിസന്ധികളിലും ഉണ്ടായ നിരവധി പ്രമാദ കേസുകളില്‍ അഭിഭാഷകര്‍ കോടതിയില്‍ അവര്‍ക്കുവേണ്ടി ഹാജരാവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അന്ന് ദൃശ്യപത്ര മാധ്യമങ്ങള്‍ ഇത്രയും ശക്തമല്ലാതിരിന്നിട്ടും അര്‍ഹമായ പത്ര കവറേജുകള്‍ കേസ് വാദിച്ച അഭിഭാഷകര്‍ക്ക് ലഭിച്ചിരുന്നു. ഇന്ന് വിവിധ ദൃശ്യ മാധ്യമങ്ങള്‍ വഴി കവറേജ് ആവോളം ലഭിച്ചിട്ടും ഇതിനുപുറമേ ഫഌക്‌സുകള്‍ സ്ഥാപിക്കുന്നത് പരസ്യം എന്ന രീതിയില്‍ മാത്രമല്ല ബാര്‍ കൗണ്‍സില്‍ നിയമാവലിയുടെ ലംഘനവുമാണെന്നും മറ്റ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലീഗല്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ അത്തരുമൊരു സംഘടന കണ്ണൂരിലോ തലശ്ശേരിയിലോ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നും സിപിഎം നിയന്ത്രിത യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു. കേസ് ജയിക്കുന്നതും തോല്‍ക്കുന്നതും ഒറ്റപ്പെട്ടതോ, പുതിയതോ ആയ സംഭവമല്ല.
Next Story

RELATED STORIES

Share it