അഭിഭാഷകനുമായി പ്രണയം: മകളെ തടവിലാക്കിയ ജഡ്ജിക്കെതിരേ കേസ്

പട്‌ന: അഭിഭാഷകനുമായുള്ള പ്രണയത്തിന്റെ പേരില്‍ നിയമവിദ്യാര്‍ഥിനിയായ മകളെ ജഡ്ജി വീട്ടുതടങ്കലിലാക്കി. ഇത് വാര്‍ത്തയായതോടെ ജഡ്ജിക്കെതിരേ പട്‌ന ഹൈക്കോടതി സ്വമേധയ കേസെടുത്തിരിക്കുകയാണ്.
ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരേയാണ് കോടതി കേസെടുത്തത്. സിദ്ധാര്‍ത്ഥ് ബന്‍സാല്‍ എന്ന സുപ്രിംകോടതി അഭിഭാഷകനുമായുള്ള മകളുടെ പ്രണയമാണ് ചൗരസ്യയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ 24കാരിയായ മകളെ ഇയാള്‍ തടങ്കലില്‍ വയ്ക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
2012ല്‍ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയപ്പോഴാണ് തേജസ്വിനി സിദ്ധാര്‍ഥിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയെഴുതാന്‍ അമ്മയോടൊപ്പം കഴിഞ്ഞമാസം തേജസ്വിനി ഡല്‍ഹിയിലെത്തിയിരുന്നു. ഇവിടെ വച്ച് സിദ്ധാര്‍ഥും തേജസ്വിനിയും നേരില്‍ കണ്ടതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ യുവതിയെ മാതാവ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തിയ ശേഷം പിതാവ് തേജസ്വിനിയെ മര്‍ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. പട്‌നയിലെ ഇവരുടെ വീട്ടിലെത്തി സിദ്ധാര്‍ഥ് യുവതിയെ കാണാന്‍ ശ്രമിച്ചെങ്കിലും ജഡ്ജിയോ സിവില്‍ സര്‍വന്റോ ആയാല്‍ മാത്രമേ മകളെ വിവാഹം ചെയ്തു തരൂവെന്ന് ചൗരസ്യ പറഞ്ഞിരുന്നു. സുഹൃത്തിനോടൊപ്പം സിദ്ധാര്‍ഥ് ഡിജിപി കെ എസ് ദ്വിവേദിയുടെ അടുത്തെത്തി പരാതി നല്‍കി. വനിതാ പോലിസ് വീട്ടിലെത്തി തേജസ്വിനിയെ  മോചിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it