അഭിപ്രായ സര്‍വേ നേമം; കഴക്കൂട്ടം എല്‍ഡിഎഫ്; വട്ടിയൂര്‍ക്കാവ് യുഡിഎഫ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനും മുന്‍തൂക്കമെന്ന് അഭിപ്രായസര്‍വേ. ജില്ലയില്‍ കടുത്ത മല്‍സരം നടക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. നേമം മണ്ഡലത്തില്‍ 39.42 ശതമാനം വോട്ടര്‍മാര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. 35.01 ശതമാനം വോട്ടര്‍മാര്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തുമെന്ന് പറയുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌പോലെ 22.34 ശതമാനം വോട്ടുമായി യുഡിഎഫായിരിക്കും ഇത്തവണയും മൂന്നാംസ്ഥാനത്തുണ്ടാവുക. കഴക്കൂട്ടത്ത് എല്‍ഡിഎഫ് ഒന്നും യുഡിഎഫ് രണ്ടും ബിജെപി മൂന്നാംസ്ഥാനത്തുമാണ്. 40.84 ശതമാനം വോട്ടര്‍മാര്‍ എല്‍ഡിഎഫിനെയും 34 ശതമാനം വോട്ടര്‍മാര്‍ യുഡിഎഫിനെയും 25.15 ശതമാനം പേര്‍ ബിജെപിയെയും പിന്തുണയ്ക്കുന്നതായി അഭിപ്രായ സര്‍വേ പറയുന്നു.
വട്ടിയൂര്‍ക്കാവില്‍ 38.39 ശതമാനം വോട്ടര്‍മാരാണ് യുഡിഎഫ് വരുമെന്ന് അഭിപ്രായപ്പെടുന്നത്. രണ്ടാംസ്ഥാനത്തെത്തുന്ന എല്‍ഡിഎഫിനെ 34.67 ശതമാനം വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നു. 26.93 ശതമാനം വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്ന ബിജെപിയാണ് മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തെത്തുക.
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്കുറേറ്റ് സര്‍വേ റിസര്‍ച്ചാണ് 11, 12 തിയ്യതികളിലായി മൂന്നു മണ്ഡലങ്ങളിലും സര്‍വേ നടത്തിയത്. ജാതി, മതം, സ്ത്രീ, പുരുഷന്‍ എന്നിവയ്ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കി ഓരോ മണ്ഡലത്തിലും 1,000 വോട്ടര്‍മാരില്‍നിന്നാണ് സര്‍വേ സംഘം അഭിപ്രായം സ്വരൂപിച്ചത്. മണ്ഡലത്തിലെ വികസനം, സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവം എന്നിവയും സര്‍വേ നടത്തുന്നതിന് ഘടകമാക്കിയിരുന്നു.
Next Story

RELATED STORIES

Share it