Pathanamthitta local

അഭിന്റെ അക്ഷര സ്‌നേഹത്തില്‍ മനസ്സലിഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി ക്ലാസെടുത്തു

പത്തനംതിട്ട: ജന്മനാ അസ്ഥിരോഗം ബാധിച്ച് ബുദ്ധി വളര്‍ച്ചയും കുറവുള്ള അഭിന്റെ അക്ഷര സ്‌നേഹത്തിനു മുമ്പില്‍ മനസ്സലിഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി ക്ലാസെടുത്തു. ചിറ്റാര്‍ പന്നിയാര്‍ ചതുപ്പില്‍ പുത്തന്‍വീട്ടില്‍ ബിജു-ബിന്ദു ദമ്പതികളുടെ ഇളയമകനായ അഭിന്‍ (13) കൂത്താട്ടുകുളം ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഒന്നാം ക്ലാസു മുതല്‍ രണ്ടാംക്ലാസുവരെ അമ്മ ബിന്ദു അഭിനെ പതിവായി സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്നു. പഠനം കഴിഞ്ഞ് വൈകീട്ട് അമ്മ മകനേയും കൊണ്ട് തിരിച്ച് വീട്ടിലെത്തും.
ഓട്ടോറിക്ഷയിലാണ് യാത്ര. ഓട്ടോയില്‍ നിന്നു എടുത്ത് ക്ലാസിലിരുത്തും. കൂലിപ്പണിക്കാരനായ പിതാവിന് ദിവസവും ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് മകനെ സ്‌കൂളില്‍ അയക്കാന്‍ കഴിയാതായി. തനിക്ക് പഠിക്കണമെന്ന അഭിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം കൂത്താട്ടുകുളം എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് അഭിന്റെ വീട്ടിലെത്തി. രാവിലെ പത്തോടെ അഭിന്റെ ക്ലാസില്‍ പഠിക്കുന്ന 35 കുട്ടികളും അധ്യാപകരും കൂടി വീട്ടിലെത്തി. നാലാം ക്ലാസിലെ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പഠിപ്പിച്ചു. കൂട്ടുകാരോടൊപ്പം വീല്‍ച്ചെയറിലിരുന്ന് അഭിന്‍ പാഠഭാഗങ്ങള്‍ പഠിച്ചു.
മൂന്നാം ക്ലാസു മുതല്‍ ആഴ്ചയില്‍ ഒരു ദിവസം സ്‌കൂളിലെ ഒരു അധ്യാപകന്‍ വീട്ടിലെത്തി പഠിപ്പിക്കും. അഭിന്റെ വീടും സ്‌കൂളുമായി നാലു കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ തുടങ്ങിയ ക്ലാസ് ഉച്ചയ്ക്ക് ഒന്നിന് അവസാനിച്ചു.
കൂട്ടുകാര്‍ക്കും അഭിന്റെ വീട്ടിലെത്തിയപ്പോള്‍ സന്തോഷമായി. അവര്‍ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചിത്ര രചനയിലും പാട്ടിലും മിടുക്കനാണ് ഈ കൂട്ടുകാരന്‍. അധ്യാപകരും സഹപാഠികളും ഉച്ചയൂണും കഴിച്ചാണ് സ്‌കൂളിലേക്ക് മടങ്ങിയത്. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കുള്ള പഠനത്തിന്റെ ഭാഗമായി വാല്‍സല്യം എന്ന പേരില്‍ സ്‌കൂളില്‍ അഭിനെ പഠിപ്പിക്കുന്നതിനുള്ള പ്രൊജക്റ്റ് തയ്യാറാക്കിയിരുന്നു.
കൂത്താട്ടുകുളം എല്‍പി സ്‌കൂളിന് ഇതിന്റെ പേരില്‍ അംഗീകാരവും ലഭിച്ചു. സഹോദരന്‍ ബിപിന്‍ ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.പാഠഭാഗങ്ങള്‍ വളരെ ലഘൂകരിച്ചാണ് പഠിപ്പിക്കുന്നത്.
അധ്യാപകരായ ഷൈനി, സീമ, പ്രധാനാധ്യാപിക ടി അമ്മിണി, അധ്യാപകനായ ജോജി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. രാവിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനാ ശ്രീധരന്‍, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനാ പ്രഭ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it