kannur local

അഭിജിത്തിനെ തേടി ധീരതപുരസ്‌കാരം; കീഴാറ്റൂര്‍ ഗ്രാമം ആഹ്ലാദത്തിമര്‍പ്പില്‍

തളിപ്പറമ്പ്: സ്വന്തം ജീവന്‍ അവഗണിച്ച് കൂട്ടുകാരനെ മരണക്കയത്തില്‍ നിന്ന് രക്ഷിച്ച കീഴാറ്റൂരിലെ കെ വി അഭിജിത്തിനെ തേടി രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരമെത്തിയത് കീഴാറ്റൂര്‍ ഗ്രാമത്തെ മുഴുവന്‍ ആഹ്ലാദത്തിലാഴ്ത്തി. കേരളത്തില്‍ നിന്നു ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട 6 കുട്ടികളില്‍ ഒരാളാണ് അഭിജിത്ത്.
കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ വിദ്യാര്‍ഥിയായ അഭിജിത്ത് കഴിഞ്ഞ വര്‍ഷം ജൂലൈ 16നാണ് വെച്ചിയോട്ട് ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന പി പി സൗരവ് എന്ന കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിച്ചത്. കൂട്ടുകാരോടൊപ്പം കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന സൗരവിനെ കാണാതാവുകയായിരുന്നു.
കുളത്തില്‍ നിന്ന് കയറിപ്പോയിരിക്കുമെന്നാണ് കൂട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ കുളത്തില്‍ നിന്ന് കുമിള ഉയരുന്നത് കണ്ടതോടെ അഭിജിത്ത് എല്ലാവരും നോക്കിനില്‍ക്കെ കുളത്തിലേക്ക് ചാടുകയായിരുന്നു. ചളിയില്‍ താഴ്ന്ന സൗരവിനെ കരയിലേക്ക് വലിച്ചു കയറ്റി. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണു രക്ഷപ്പെട്ടത്.
രണ്ടു മിനുട്ട് കൂടി വൈകിയിരുന്നെങ്കില്‍ രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 25 മീറ്ററോളം അടിയിലെ ചളിയില്‍ കാല്‍ കുടുങ്ങിയത് കൊണ്ടാണ് നീന്തല്‍ അറിയാമായിരുന്നിട്ടും സൗരവിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. കൂട്ടുകാരനെ രക്ഷിച്ച അഭിജിത്തിനെ നാട് ഒന്നടങ്കം ആദരിച്ചിരുന്നു. ഈ റിപബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങും. ഇതിനായുള്ള അറിയിപ്പ് കീഴാറ്റൂരിലെ കേളോത്ത് വളപ്പില്‍ ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it