അഭയാ കേസ്: ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയാ കേസിലെ രണ്ടാംപ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് തിരുവനന്തപുരം സിബിഐ കോടതി ഒഴിവാക്കി. അതേസമയം, ഒന്നാംപ്രതി ഫാദര്‍ തോമസ് എം കോട്ടൂര്‍, മൂന്നാംപ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹരജി കോടതി തള്ളി. ജോസ് പൂതൃക്കയിലിനെതിരേ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ സിബിഐ ചുമത്തിയിരിക്കുന്നത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനു മുമ്പ് പലപ്പോഴും ഫാദര്‍ ജോസ് പൂതൃക്കയിലും ഫാദര്‍ കോട്ടൂരും കോണ്‍വെന്റില്‍ എത്തിയിരുന്നുവെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, അഭയ കൊല്ലപ്പെട്ട ദിവസം ഫാദര്‍ പൂതൃക്കയില്‍ കോണ്‍വെന്റില്‍ വന്നതിന് തെളിവ് ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കുകയാണെന്നും കോടതി പറഞ്ഞു.
സെഫിയും വികാരിമാരുമായുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലയ്ക്കു കാരണമെന്നാണ് സിബിഐ കേസ്. പ്രതികളെ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയരാക്കുകയും മൊഴികള്‍ വിശദമായി പരിശോധിക്കുകയും ചെയ്തശേഷമാണ് മൂന്ന് പ്രതികള്‍ക്കുമെതിരേ കുറ്റം ചുമത്തിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് മൂന്ന് പ്രതികളും വിടുതല്‍ ഹരജി നല്‍കിയത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it