Pravasi

അഭയാര്‍ഥി പ്രശ്‌ന പരിഹാരം : പുതിയ സര്‍ക്കാര്‍ നടപടികളുണ്ടാകണമെന്ന് ദോഹ ഫോറം



ദോഹ: അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പുതിയ സര്‍ക്കാര്‍ നടപടികളുണ്ടാകണമെന്ന് ദോഹ ഫോറത്തിലെ മൂന്നാമത് പൊതു ചര്‍ച്ചാ സെഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അഭയാര്‍ഥി പ്രശ്‌നം ആഴത്തില്‍ വേരോടിയിരിക്കുന്നതായും അതിന്റെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ അവസാനിക്കണമെങ്കില്‍ നീണ്ട വര്‍ഷങ്ങള്‍ ആവശ്യമായി വരുമെന്നും 'അഭയാര്‍ഥി വിഷയത്തിലെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനു അന്താരാഷ്ട്ര സമൂഹത്തിനു സമയവും സാധ്യതയുമുണ്ട്. ഇതൊരു ദുരന്തമായി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് പുതിയ പരിഹാര നടപടികള്‍ സ്വീകരിക്കണം. അഭയാര്‍ഥികളാക്കപ്പെട്ട യുവജനത അറബ് മേഖലയിലെ മൂന്നിലൊന്ന് ജനസംഖ്യയെ പ്രതിനിധീകരിക്കുന്നുണ്ട്. അറബ് രാഷ്ട്രങ്ങള്‍ ഇത് മനസിലാക്കിയിട്ടില്ലെങ്കില്‍ പരിണിത ഫലങ്ങള്‍ പ്രവചിക്കാനാവാത്ത ദുരന്തത്തെയായിരിക്കും നേരിടേണ്ടി വരികയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖര്‍ മുന്നറിയിപ്പുനല്‍കി.അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള ദീര്‍ഘകാല നയങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അഭയം നല്‍കിയ രാജ്യങ്ങള്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. പ്രാദേശികവും അന്തര്‍ദേശീയവുമായ ചട്ടക്കൂടിലേക്ക് ഈ പ്രശ്‌നത്തെ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് സാധിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.സാമൂഹിക സുരക്ഷാ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വിവേചനം കൂടാതെ തുല്യ അവകാശങ്ങള്‍ ലഭ്യമാക്കാനുള്ള വ്യക്തമായ പൗരത്വ ഘടനയുടെ ഭാഗമായി ഓരോ രാജ്യങ്ങളും അഭയാര്‍ഥികളെ സമീപിക്കണം. അഭയാര്‍ഥികളുടെ പുനരധിവാസത്തിനു ദേശീയ നയങ്ങള്‍ വികസിപ്പിക്കുകയും രാഷ്ട്രാന്തരീയ സഹായം ലഭ്യമാക്കുകയും വേണം. പൗരസാമൂഹിക സംഘടനകളുമായും അന്താരാഷ്ട്ര ബാങ്കുകളുമായും സഹകരിച്ചുകൊണ്ട് അഭയാര്‍ഥികള്‍ക്ക് സാമൂഹികമായ പ്രാധാന്യം നല്‍കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it