അഭയാര്‍ഥി പ്രതിസന്ധി: ബാള്‍ക്കന്‍ രാജ്യങ്ങള്‍ക്കെതിരേ മെര്‍ക്കല്‍

ബ്രസ്സല്‍സ്: അഭയാര്‍ഥി പ്രവാഹത്തെ ഏകപക്ഷീയമായി തടഞ്ഞ ബാള്‍ക്കന്‍ രാജ്യങ്ങളുടെ നടപടിയെ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ രൂക്ഷമായി വിമര്‍ശിച്ചു.
യൂറോപ്യന്‍ യൂനിയനിലെ മറ്റു രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത് ഗ്രീസിനെ ഗുരുതരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. ഓസ്ട്രിയ, സ്ലോവേനിയ, ക്രൊയേഷ്യ, സെര്‍ബിയ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളാണ് അഭയാര്‍ഥികളുടെ വരവ് തടഞ്ഞത്. അതേസമയം അഭയാര്‍ഥികള്‍ക്കു മുന്നില്‍ ബാള്‍ക്കന്‍ വഴി സ്ഥിരമായി അടഞ്ഞുകിടക്കുമെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. ബാള്‍ക്കന്‍ മേഖലയിലേക്ക് കടക്കാമെന്ന് അഭയാര്‍ഥികള്‍ക്ക് ആരും പ്രതീക്ഷ നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭയാര്‍ഥികളുടെ വരവിന് ഓസ്ട്രിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് മറ്റു ബാള്‍ക്കന്‍ രാഷ്ട്രങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയത്. ഇതുകാരണം 14,000ല്‍ അധികം അഭയാര്‍ഥികള്‍ ഗ്രീസിലെ മാസിഡോണിയന്‍ അതിര്‍ത്തിപ്രദേശമായ ഇ ഡൊമിനിയനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. ഇവരെ എത്രയും പെട്ടെന്ന് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്നു നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
രണ്ടാംലോക യുദ്ധത്തിനു ശേഷം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നേരിടുന്ന രൂക്ഷമായ വെല്ലുവിളിയാണ് അഭയാര്‍ഥി പ്രതിസന്ധി.
Next Story

RELATED STORIES

Share it