അഭയാര്‍ഥി പ്രതിസന്ധി: ഇയു-തുര്‍ക്കി ധാരണയായി

ബ്രസല്‍സ്: യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനു യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയുമായി ധാരണയിലെത്തി.
തുര്‍ക്കി മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിച്ചാണ് ഇരു വിഭാഗവും കരാറില്‍ ഒപ്പുവച്ചത്. മൂന്നു ഘട്ടങ്ങളായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് യൂറോപ്യന്‍ യൂനിയനിലെ 28 രാഷ്ട്രത്തലവന്മാരും തുര്‍ക്കിയും ധാരണയിലെത്തിയത്. കരാര്‍ ഞായറാഴ്ചയോടെ പ്രാബല്യത്തില്‍ വരും. ഗ്രീസില്‍നിന്നു തുര്‍ക്കിയിലേക്കു കൊണ്ടുവരുന്ന അഭയാര്‍ഥികള്‍ക്കു പകരം യൂറോപ്യന്‍ യൂനിയനിലെ ഓരോ അംഗരാജ്യവും തുര്‍ക്കിയുടെ അഭയാര്‍ഥി ഭാരത്തില്‍ പങ്കുചേരണമെന്നതാണ് തുര്‍ക്കി വച്ച നിബന്ധനകളില്‍ പ്രധാനം. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ കടലില്‍ മുങ്ങിമരിക്കുന്നതും തട്ടിപ്പിന് ഇരയാക്കപ്പെടുന്നതും ഒഴിവാക്കാന്‍ ഈ നീക്കം സഹായകമാവുമെന്നാണ് പ്രതീക്ഷ. ധാരണ നിലവില്‍വന്നതോടെ അഭയാര്‍ഥികള്‍ക്ക് നിയമപരമായി കുടിയേറാന്‍ കഴിയുമെന്നു തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു പ്രതീക്ഷ പ്രകടിപ്പിച്ചു.
അഞ്ചു വര്‍ഷത്തിനിടെ മൂന്നു ലക്ഷം അഭയാര്‍ഥികള്‍ വരെ താമസിക്കുന്ന നിരവധി ക്യാംപുകള്‍ തുര്‍ക്കിയില്‍ ഉണ്ടായതായും വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള പല ക്യാംപുകളും ഗ്രാമങ്ങളും പട്ടണങ്ങളുമായി മാറിയതായും ദാവൂദൊഗ്‌ലു പറഞ്ഞു. കരാറിനെ യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രത്തലവന്‍മാര്‍ പിന്തുണച്ചു.
കടുത്ത ഒരു പരീക്ഷ പാസാവുകയാണ് ചെയ്തതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍ പറഞ്ഞു. തുര്‍ക്കി പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങളില്‍ വിസ രഹിതമായി സന്ദര്‍ശിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അനദോലു ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശനത്തിനുള്ള നടപടികളും പുരോഗമിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, ധാരണയെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ശക്തമായി വിമര്‍ശിച്ചു. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ ഇരട്ട നീതിയാണ് വെളിവാകുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it