അഭയാര്‍ഥി നിയന്ത്രണത്തിന് ഗ്രീസ് ഒരുങ്ങുന്നു

ഏതന്‍സ്: ദ്വീപുകളിലെത്തുന്ന അഭയാര്‍ഥികളെ തലസ്ഥാനമായ ഏതന്‍സിലേക്ക് കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു ഗ്രീക്ക് ഭരണകൂടം നിര്‍ദേശം നല്‍കി.
രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതിലൂടെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാമെന്നും ഭരണകൂടം കരുതുന്നു. അയല്‍രാജ്യങ്ങള്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കിയത് ഗ്രീസില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഗ്രീസ്-മാസിഡോണിയ അതിര്‍ത്തിയില്‍ വ്യാഴാഴ്ച മാത്രം 2800 ഓളം പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 100 പേരെ മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്.ഇഡൊമിനിയിലെ ക്യാംപ് അഭയാര്‍ഥി ബാഹുല്യത്താല്‍ ഞെരുങ്ങുകയാണ്. പ്രവേശനം കാത്ത് നിരവധി പേരാണ് സമീപ പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
ഗ്രീസില്‍നിന്നുള്ള അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കു കഴിഞ്ഞയാഴ്ച മാസിഡോണിയ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. തുടര്‍ന്ന്, നൂറു കണക്കിന് അഫ്ഗാനികളെയാണ് ഗ്രീക്ക് സര്‍ക്കാര്‍ ബലമായി ഏതന്‍സിലേക്ക് തിരികെയെത്തിച്ചത്. അതിനിടെ അഭയാര്‍ഥി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഓസ്ട്രിയയിലെ അംബാസഡറെ ഗ്രീസ് തിരിച്ചുവിളിച്ചു.
Next Story

RELATED STORIES

Share it