Second edit

അഭയാര്‍ഥികള്‍

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, വിശേഷിച്ചും ജര്‍മനി സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ചതിനെ പ്രശംസിച്ചുകൊണ്ട് ധാരാളം പ്രതികരണങ്ങളുണ്ടായി. ദയയും കാരുണ്യവും അതിനു പിന്നിലുണ്ടെങ്കിലും സാമ്പത്തിക കാരണങ്ങളും അഭയാര്‍ഥികള്‍ക്ക് ഗേറ്റ് തുറന്നുകൊടുത്തതിനു പ്രേരണയായിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ജനങ്ങളുടെ ശരാശരി വയസ്സ് കൂടിവരുകയാണ്. പലായനം ചെയ്യുന്ന സിറിയക്കാരാകട്ടെ, അധികവും യുവാക്കളും വിദ്യാസമ്പന്നരും. പൊതുവില്‍ പ്രവാസികളാകുന്നവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണെന്നാണ് വിലയിരുത്തല്‍.
യൂറോപ്പ് മാത്രമാണ് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് എന്നതും ശരിയല്ല. പൊതുവില്‍ അയല്‍പക്കത്തെ ദരിദ്ര നാടുകളാണ് ഇക്കാര്യത്തില്‍ മുമ്പില്‍. കൊച്ചു ലബ്‌നാന്‍ 11 ലക്ഷം പേരെയാണ് സ്വീകരിച്ചത്. അതു ലബനീസ് ജനസംഖ്യയുടെ നാലിലൊന്നാണ്. തുര്‍ക്കി 17 ലക്ഷം പേര്‍ക്ക് അഭയം നല്‍കി. യൂറോപ്യന്‍ യൂനിയന്റെ ശരാശരി വരുമാനത്തിന്റെ 50ല്‍ ഒരു ഭാഗം മാത്രമുള്ള താന്‍സാനിയ വര്‍ഷങ്ങളായി കോംഗോയില്‍ നിന്നും ബുറുണ്ടിയില്‍ നിന്നുമുള്ളവരെ പരിരക്ഷിക്കുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 32,000 പേരെയാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സ്വീകരിച്ചത്.
അതോടൊപ്പം ഉദാരതയ്ക്കും സഹിഷ്ണുതയ്ക്കും താഴെ യൂറോപ്പില്‍ വംശവെറിയും മതവിവേചനവുമുണ്ടെന്നും അഭയാര്‍ഥിപ്രവാഹം തെളിയിച്ചു. ഹംഗറിയും ചെക് റിപബ്ലിക്കും പോളണ്ടും ക്രിസ്ത്യാനികള്‍- അതും കുറഞ്ഞ തോതില്‍- മതിയെന്നു ശഠിച്ചു. ചില ഭരണത്തലവന്‍മാരുടെ ശൈലി നാത്‌സികളെ ഓര്‍മിപ്പിക്കുന്നതായിരുന്നു. നാത്‌സി ഭീകരത അനുഭവിച്ച രാജ്യങ്ങളില്‍ വരെ തൊലിപ്പുറമെയാണ് മാനവികത എന്നു തെളിയിക്കുന്ന രീതിയിലായിരുന്നു അഭയാര്‍ഥികളോടുള്ള പെരുമാറ്റം.
Next Story

RELATED STORIES

Share it