Editorial

അഭയാര്‍ഥികള്‍ ലോകത്തോട് പറയുന്നത്

ശ്ചിമേഷ്യയിലെ കലാപഭൂമികളില്‍ നിന്നു ലക്ഷക്കണക്കിന് ആളുകളാണ് എല്ലാം ഇട്ടെറിഞ്ഞു ജീവനും കൊണ്ട് പലായനം ചെയ്യുന്നത്. ഇറാഖിലും സിറിയയിലും മറ്റും വംശീയ സംഘര്‍ഷങ്ങളും  ഏറ്റുമുട്ടലുകളും എല്ലാ പരിധികളും ലംഘിക്കുകയും ലക്ഷക്കണക്കിനു ജനങ്ങളെ അഭയാര്‍ഥികളാക്കി മാറ്റുകയും ചെയ്യുകയാണ്.

യൂറോപ്പിന്റെ കിഴക്കന്‍ പ്രദേശത്ത് ഗ്രീസിലൂടെയും ഹംഗറിയിലൂടെയും പടിഞ്ഞാറോട്ടു കടക്കാനായി ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം മധ്യധരണ്യാഴി കടന്ന് പശ്ചിമ യൂറോപ്പിലെ തീരപ്രദേശങ്ങളില്‍ ചെന്നെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പലായനം അതിഗുരുതരമായ മാനുഷിക പ്രശ്‌നങ്ങളാണ് ലോകസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. വര്‍ണനാതീതമായ ആപത്തുകളെ തൃണവല്‍ഗണിച്ചുകൊണ്ടാണ് അവര്‍ സുരക്ഷയും തൊഴിലുകളും തേടി പടിഞ്ഞാറോട്ട് പ്രവഹിക്കുന്നത്.

ഇതിനിടയില്‍ മനുഷ്യക്കടത്ത് ഏജന്റുമാരുടെ വന്‍നിരയുണ്ട്. അവര്‍ വന്‍തുക വാങ്ങിയാണ് അശരണരായ ഈ ജനങ്ങളെ ബോട്ടുകളിലും മറ്റു യാനങ്ങളിലും കുത്തിനിറച്ചു കടല്‍ കടത്താന്‍ ശ്രമിക്കുന്നത്. കടലില്‍ ആയിരക്കണക്കിനു ജീവനാണ് ഇതിനകം ഹോമിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തുര്‍ക്കി തീരത്തു വന്നടിഞ്ഞ അയ്മന്‍ എന്ന മൂന്നു വയസ്സുകാരനായ കുട്ടിയുടെ ജഡം ലോകത്തിന് ഈ സംഭവങ്ങളുടെ ഭീകരത ദൃശ്യമാക്കിക്കൊടുത്തുവെന്നു മാത്രം.

ഗ്രീസിലെയും ഹംഗറിയിലെയും ജനങ്ങളും അധികൃതരും അഭയാര്‍ഥിപ്രവാഹത്തില്‍ ഉല്‍ക്കണ്ഠാകുലരാണ്. സ്വന്തം നിലയില്‍ തന്നെ ദുര്‍ബലമായ സമ്പദ്ഘടനയാണ് ഈ രാജ്യങ്ങളുടേത്. അതിനാല്‍, അഭയാര്‍ഥികള്‍ക്കു സഹായം നല്‍കാന്‍ അവര്‍ തയ്യാറല്ല. ഹംഗറിയില്‍ അഭയാര്‍ഥികളെ പേടിച്ച് കഴിഞ്ഞ ദിവസം ട്രെയിന്‍ ഗതാഗതം തന്നെ നിര്‍ത്തിവയ്ക്കുകയുണ്ടായി.

യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്. യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായ യാത്ര അനുവദിക്കുന്നത് റദ്ദാക്കി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ പോലും നടക്കുന്നു. താരതമ്യേന ധനികരാജ്യങ്ങളായ ഫ്രാന്‍സും ജര്‍മനിയും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാവുന്നുണ്ടെങ്കിലും ആ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവര്‍ക്കെതിരേ സംഘടിതമായ ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറാവുകയാണ്.

ജര്‍മനി എട്ടു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാവുമെന്നാണ് പറയുന്നതെങ്കിലും ആ രാജ്യത്ത് അതിനെതിരായ കടുത്ത പ്രതിഷേധവും എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ അഭയാര്‍ഥിപ്രവാഹം ലോകരാഷ്ട്രീയരംഗത്തു വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുകയാണ്. ഒരു ഭാഗത്ത് മാനവികമായ ആശയങ്ങളും സഹായമനഃസ്ഥിതിയും ഉയര്‍ത്തിപ്പിടിച്ച് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ തന്നെ അതിനെതിരായ തീവ്രവലതുപക്ഷ ചിന്താഗതികളും ഉയര്‍ന്നുവരുന്നു.

ഇന്ന് ഉയര്‍ന്നുവരുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങിനില്‍ക്കുന്നില്ല. ഓരോ പ്രതിസന്ധിയും ഒരു ആഗോള സമസ്യയാണ്. ലോകം മുഴുവന്‍ ഒന്നിച്ചുനില്‍ക്കുക മാത്രമാണ് പ്രതിസന്ധികളെ നേരിടാനുള്ള ഒരേയൊരു പോംവഴി.
Next Story

RELATED STORIES

Share it