World

അഭയാര്‍ഥികള്‍ക്ക് തിരികെയെത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് യുഎന്‍

ധക്ക: ബംഗ്ലാദേശിലെ ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ രണ്ടുമാസത്തിനകം മ്യാന്‍മറിലേക്ക മടങ്ങാന്‍ അനുവദിക്കുമെന്ന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടും റഖൈനില്‍ നിന്നു റോഹിന്‍ഗ്യരുടെ പലായനം തുടരുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍.  റഖൈനില്‍ അഭയാര്‍ഥികള്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നത്. അവിടെ  നിന്ന് ഇപ്പോഴും പലായനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം പേര്‍ക്കും മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വീടുകളും ഗ്രാമങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയിലെ വിഭാഗീയത പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. മേഖലയില്‍ മാനുഷിക സഹായങ്ങള്‍ അപര്യാപ്തമാണെന്നും മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ കെല്ലി ക്ലിമെന്റ്‌സ് അറിയിച്ചു.  കഴിഞ്ഞ മാസം 30,000ല്‍ അധികം പേരും കഴിഞ്ഞയാഴ്ച 1500 പേരും റഖൈനില്‍ നിന്നു ബംഗ്ലാദേശിലെത്തിയതായി കമ്മീഷന്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണ് ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പ്രശ്‌നമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ നവംബര്‍ 23നാണ് റോഹിന്‍ഗ്യരെ റാഖൈനിലേക്കു മടങ്ങാന്‍ അനുവദിക്കുന്ന കരാറില്‍ ബംഗ്ലാദേശും മ്യാന്‍മറും ഒപ്പുവച്ചത്്. സൈന്യത്തിന്റെയും ബുദ്ധരുടെയും വംശീയാക്രമണങ്ങള്‍ കാരണം മൂന്നുമാസത്തിനിടെ ഏഴുലക്ഷത്തോളം റോഹിന്‍ഗ്യര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്‌തെന്നാണ് യുഎന്‍ കണക്ക്.
Next Story

RELATED STORIES

Share it