World

അഭയാര്‍ഥികള്‍ക്കുള്ള സഹായം യുഎസ് നിര്‍ത്തി

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീനി അഭയാര്‍ഥി സംഘടനയ്ക്കുള്ള എല്ലാ സഹായവും അമേരിക്ക നിര്‍ത്തിവച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫലസ്തീനിയന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യൂവിനുള്ള സഹായങ്ങളാണ് അമേരിക്ക അവസാനിപ്പിച്ചത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് സഹായമവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഫലസ്തീനുള്ള 200 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുകയാണെന്ന് അമേരിക്ക കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഭയാര്‍ഥി സംഘടനയ്ക്കുള്ള സഹായവും അവസാനിപ്പിച്ചത്. ഫലസ്തീന്‍ വിഷയം ശ്രദ്ധയോടെ പരിശോധിച്ചതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. അമേരിക്കയുടെ നടപടി ഐക്യരാഷ്ട്ര പ്രമേയത്തിന്റെ ലംഘനമാണെന്നും ജനങ്ങളോടുള്ള അതിക്രമമാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദൈന പറഞ്ഞു. ട്രംപിന്റെ നടപടി അങ്ങേയറ്റം ഖേദമുണ്ടാക്കുന്നതാണെന്നും ഞെട്ടിപ്പിച്ചുവെന്നും യുഎന്‍ആര്‍ഡബ്ല്യൂ വക്താവ് ക്രിസ് ഗിന്നസ് പറഞ്ഞു. ട്രംപ് സര്‍ക്കാരിനു കീഴില്‍ ഇസ്രായേല്‍ അധിനിവിഷ്ട പ്രദേശങ്ങളിലെ യുഎന്‍ആര്‍ഡബ്ല്യൂവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അമേരിക്ക കുറച്ചിരുന്നു. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട 7,00,000 ഫലസ്തീനി അഭയാര്‍ഥികള്‍ക്കു വേണ്ടി രൂപീകരിച്ചതാണ് യുഎന്‍ആര്‍ഡബ്ല്യൂ. അഞ്ചു ദശലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്കാണ് യുഎന്‍ആര്‍ഡബ്ല്യൂ സഹായം നല്‍കുന്നത്.

Next Story

RELATED STORIES

Share it