World

അഭയാര്‍ഥികളെ രക്ഷിച്ച കപ്പലിന് ഇറ്റലി പ്രവേശനം നിഷേധിച്ചു

മിലന്‍: അഭയാര്‍ഥികളുമായി എത്തിയ കപ്പലിന് ഇറ്റലി പ്രവേശനാനുമതി നിഷേധിച്ചു. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും കപ്പലിനു പ്രവേശനം നിഷേധിച്ചതോടെ 629 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ നടുക്കടലില്‍ അകപ്പെട്ടു. ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വീനിയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അഭയാര്‍ഥികള്‍ക്കു നേരെ വാതില്‍ കൊട്ടിയടച്ചത്.
തീവ്രവലതുപക്ഷ വിഭാഗക്കാരനാണു സാല്‍വീനി. ലിബിയന്‍ തീരത്തു നിന്ന് ആറു വ്യത്യസ്ത രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ രക്ഷിച്ച ആഫ്രിക്കന്‍ അഭയാര്‍ഥികളാണു കപ്പിലിലുണ്ടായിരുന്നത്. 123 കുട്ടികളും ഏഴു പൂര്‍ണ ഗര്‍ഭിണികളും കൂട്ടത്തിലുണ്ടായിരുന്നു. ഫ്രാന്‍സും സ്‌പെയിനും അഭയാര്‍ഥികളെ സ്വീകരിക്കുന്നില്ല. ഇറ്റലിയും ഇന്നു മുതല്‍ ഇതേ നയം സ്വീകരിക്കുകയാണെന്നും പറഞ്ഞ മന്ത്രി മാറ്റിയോ സാല്‍വീനി, മാള്‍ട്ട ദ്വീപ് അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നും തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്തമില്ലെന്നും മാള്‍ട്ട അധികൃതര്‍ ഇതിനോടു പ്രതികരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ആറു ലക്ഷത്തോളം അഭയാര്‍ഥികളാണ് ഇറ്റലിയിലെത്തിയത്. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള പ്രവേശന കവാടമായിട്ടാണ് അഭയാര്‍ഥികള്‍ ഇറ്റലിയെ ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it