അഭയകേസ്:സിബിഐ ജഡ്ജിയെ സ്ഥലംമാറ്റി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസിന്റെ വിചാരണ നടപടികളില്‍നിന്നു പിന്‍മാറിയ സിബിഐ ജഡ്ജി ജോണി സെബാസ്റ്റിയനെ കോഴിക്കോട് സെഷന്‍സ് ജഡ്ജിയായി സ്ഥലംമാറ്റി. പുതിയ സിബിഐ ജഡ്ജിയായി ജെ നാസറിനെ ഹൈക്കോടതി നിയമിച്ചു. അഭയ കേസില്‍ ഒരു സാക്ഷിയുടെ രഹസ്യമൊഴി അന്ന് മജിസ്‌ട്രേറ്റ് ആയിരുന്ന ഇപ്പോഴത്തെ സിബിഐ ജഡ്ജി രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ജഡ്ജി ജോണി സെബാസ്റ്റിയന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി. തുടര്‍ന്ന്  വിചാരണ നടപടികളില്‍നിന്നു താന്‍ പിന്‍ മാറുകയാണെന്നും അതിനാല്‍ അഭയകേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐ കോടതിയില്‍നിന്ന് എറണാകുളം സിബിഐ കോടതിയിലേക്കു മാറ്റണമെന്നും അഭ്യര്‍ഥിച്ചു അദ്ദേഹം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് രേഖാമൂലം കത്ത് നല്‍കിയിരുന്നു. എന്നാല്‍, കോടതി മാറ്റത്തിനു പകരം ജഡ്ജിയെ തന്നെ മാറ്റി പുതിയ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. പുതിയ സിബിഐ കോടതി ജഡ്ജി ജെ നാസര്‍ മുമ്പാകെ ജനുവരി ഒന്നിന് അഭയ കേസ് പരിഗണിക്കും. അഭയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് ക്രൈംബ്രാഞ്ച് റിട്ട. എസ്പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ടുപേരെ സിബിഐ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കണമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹരജി വാദംപൂര്‍ത്തിയാക്കി വിധി പറയാനിരിക്കെയാണ് ജഡ്ജി പിന്‍മാറിയത്.
Next Story

RELATED STORIES

Share it