അഭയകേന്ദ്രത്തിലെ ബാലികാപീഡനംഅന്വേഷണത്തിന് സിബിഐ

ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ അഭയകേന്ദ്രത്തില്‍ ബാലികമാര്‍ ലൈംഗിക പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു. അഭയകേന്ദ്രത്തിലെ ഓഫിസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സേവാ സങ്കല്‍പ് ഏവം വികാസ് സമിതിയുടെ നേതൃത്വത്തിലുള്ള ബാലികാഗൃഹത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ഉദ്യോഗസസ്ഥരും ജീവനക്കാരും മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് കേസ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അഭയകേന്ദ്രത്തില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റിനെ അടിസ്ഥാനമാക്കി ബിഹാര്‍ സാമൂഹികക്ഷേമ വകുപ്പ് പരാതി നല്‍കിയതോടെയാണു പീഡനം പുറത്തായത്. അഭയകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി എന്നാണ് ഓഡിറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാണിച്ചത്.
പോലിസ് കേസെടുത്തതിനെ തുടര്‍ന്നു പരാതി അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘത്തിന് രൂപംനല്‍കി. അഭയകേന്ദ്രത്തെ കരിമ്പട്ടികയില്‍പ്പെടുത്തി. പെണ്‍കുട്ടികളെ പട്‌നയിലും മധുബാനിയിലുമുള്ള അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിലെ വനിതാ ജീവനക്കാരും വികാസ് സമിതിയുടെ ഭാരവാഹി ബ്രജേഷ് ഠാക്കൂറും അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.
Next Story

RELATED STORIES

Share it