അഭയകേന്ദ്രത്തിലെ പീഡനം: ഉടമസ്ഥനെതിരേ ഇഡി കേസെടുത്തു

ന്യൂഡല്‍ഹി: ബാലികമാരെ ബലാല്‍സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ബിഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിന്റെ ഉടമസ്ഥന്‍ ബ്രിജേഷ് താക്കൂര്‍ അടക്കമുള്ള ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റര്‍ ചെയ്തു.
സിബിഐ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് കേസെടുത്തത്. ബ്രിജേഷ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ വിളിപ്പിക്കുമെന്ന് ഇഡി പറഞ്ഞു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വഴി അനധികൃത പണം സമ്പാദിച്ചിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ഠാക്കൂറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയകേന്ദ്രത്തില്‍ 30ലേറെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നു. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സന്നദ്ധസംഘടനയ്ക്കായിരുന്നു അഭയകേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ഓഡിറ്റ് റിപോര്‍ട്ടിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഈ വര്‍ഷം മെയ് 31ന് താക്കൂര്‍ ഉള്‍പ്പെടെ 11 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അഭയകേന്ദ്രത്തിലെ 42 അന്തേവാസികളില്‍ 30 പേരും പീഡനത്തിനിരയായതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it