thiruvananthapuram local

അബ്ദുല്‍മജീദ് പ്രയാണം തുടരുന്നു; പട്ടിണിയ്‌ക്കെതിരെ പുസ്തകം പടവാളാക്കി...

തിരുവനന്തപുരം: അബ്ദുല്‍മജീദ് യാത്രയിലാണ്. കലാലയങ്ങളില്‍ നിന്നും കലാലയങ്ങളിലേക്ക്. വായിക്കുക വിജയിക്കുക എന്ന സന്ദേശത്തിലൂന്നി 'പട്ടിണിയ്‌ക്കെതിരെ പുസ്തകം ഒരു പടവാള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ 65 കാരന്‍ സ്‌കൂളുകള്‍ തോറും തന്റെ ബോധവല്‍ക്കരണം നടത്തുന്നത്.
അറിവിനും വായനയ്ക്കുമായി സ്ഥിരമായി ഓണ്‍ലൈന്‍ ലോകത്തെ ആശ്രയിക്കുന്ന പുതുതലമുറക്കിടയിലേക്കാണ് പുസ്തകത്തിന്റേയും വിദ്യയുടേയും പ്രാധാന്യം അറിയിച്ച് ഇദ്ദേഹം ഇറങ്ങിച്ചെല്ലുന്നത്. സമൂഹത്തിലെ വിവിധ കേന്ദ്രങ്ങളില്‍ തന്റെ ബോധവല്‍ക്കരണം നല്‍കാറുണ്ടെങ്കിലും സ്‌കൂളുകളാണ് മുഖ്യം. പല വിഷയങ്ങളിലായി ഇതുവരെ 215ഓളം സ്‌കൂളുകളില്‍ ഇദ്ദേഹം തന്റെ സന്ദേശങ്ങള്‍ പങ്കുവച്ചു.
വിഎസ്എസ്‌സിയില്‍ 10 വര്‍ഷം സേവനം ചെയ്ത അബ്ദുല്‍മജീദ് ഡോ. എ പി ജെ അബ്ദുല്‍കലാമിന്റെ കാലയളവിലും അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് യുഎഇയിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ജോലി ചെയ്തു. അവിടെ നിന്ന് വിരമിച്ച ശേഷമാണ് ദിവസേന 18 മണിക്കൂര്‍ വീതം വായനയുടെ പ്രാധാന്യം അറിയിച്ചുള്ള സാമൂഹിക ബോധവല്‍ക്കരണത്തിനായി ജീവിതം നീക്കിവച്ചത്. മൂന്നുവര്‍ഷമായി ഈ ഉദ്യമം തുടരുന്നു. മയക്കുമരുന്നിനും മലിനീകരണത്തിനുമെതിരെയും പരിസ്ഥിതി സൗഹൃദം, ആരോഗ്യം എന്നിവയിലുമുള്ള ക്ലാസുകളാണ് ഇദ്ദേഹം നല്‍കുന്നത്. സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലങ്ങളിലും ക്ലാസെടുക്കാറുള്ള അബ്ദുല്‍മജീദ് വിവിധ ക്ലബ്ബുകളിലും സന്ദേശം എത്തിച്ചിട്ടുണ്ട്. പുതുതലമുറയെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കുക എന്ന 'ലാഭേച്ഛ'യോടെ മാത്രമാണ് അബ്ദുല്‍മജീദിന്റെ ബോധവല്‍ക്കരണം. അതുകൊണ്ടുതന്നെ സമൂഹത്തിലെ നാനാതുറകളില്‍ നിന്നും അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണയും സ്വീകാര്യതയും ലഭിക്കുന്നു. നിലവില്‍ സ്‌കൂളുകളില്‍ ഡോ.എ പി ജെ അബ്ദുല്‍കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകള്‍ എന്ന പുസ്തകം കൈമാറി അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്നു. ഇതുവരെ 15ഓളം സ്‌കൂള്‍-കോളജുകള്‍ക്ക് ഇത്തരത്തില്‍ പുസ്തകം കൈമാറി. കൂടുതലും സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. സന്ദേശമെത്തിക്കുന്ന സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ഏക 'സമ്പാദ്യം'. കല്ലാട്ടുമുക്ക് സ്വദേശിയായ അബ്ദുല്‍മജീദിന് ഭാര്യ ലൈലയും യുഎഇയില്‍ സോഫ്റ്റ് വെയര്‍എന്‍ജിനീയറായ മകളും അമേരിക്കന്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മകനും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
Next Story

RELATED STORIES

Share it