അബ്ദുല്‍ബഷീറിനെ അഭയാര്‍ഥിയായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി

ശാഫി തെരുവത്ത്

കാസര്‍കോട്: യാത്രാരേഖകളില്ലാതെ കാസര്‍കോട്ടെത്തിയ വിദേശപൗരന്‍ അബ്ദുല്‍ ബഷീര്‍ സയ്യിദ് ഹുസയ്(40)നെ അഭയാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ജില്ലാ പോലിസ് നടപടി ആരംഭിച്ചു. ഇതിനായി ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിനു കത്തെഴുതി. കലക്ടര്‍ കൊച്ചിയിലെ ഫോറിനര്‍ റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫിസു(എഫ്ആര്‍ആര്‍ഒ)മായി ബന്ധപ്പെട്ട് അനന്തരനടപടികള്‍ സ്വീകരിക്കും. കഴിഞ്ഞദിവസം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹുസയ്‌നെ എഫ്ആര്‍ആര്‍ഒയില്‍ ഹാജരാക്കിയെങ്കിലും രേഖകളില്ലാത്തതിനാല്‍ കാസര്‍കോട്ടേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു.
2012 ജൂണ്‍ 11ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് ഹുസയ്‌നെ പോലിസ് അറസ്റ്റ് ചെയ്തത്. അന്യായമായി രാജ്യത്തു പ്രവേശിച്ചതിന് ഇയാളെ കോടതി രണ്ടു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. 2012 ഡിസംബര്‍ 11 മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഹുസയ്ന്‍ കഴിഞ്ഞ ഒമ്പതിന് ജയില്‍മോചിതനായി. ഇദ്ദേഹത്തെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലധികൃതര്‍ ഹുസയ്‌നെ കാസര്‍കോട് പോലിസിനു കൈമാറുകയായിരുന്നു. എന്നാല്‍, യാത്രാരേഖകള്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഇയാളെ കാസര്‍കോട് പോലിസ് സ്‌റ്റേഷനില്‍ പാര്‍പ്പിക്കുകയായിരുന്നു. പിതാവ് സൗദി സ്വദേശിയും മാതാവ് ബര്‍മ സ്വദേശിനിയുമാണെന്നാണ് ഹുസയ്ന്‍ ആദ്യം പറഞ്ഞിരുന്നത്. പാകിസ്താനിലാണ് ജനിച്ചതെന്നും പിന്നീട് മക്കയിലാണ് വളര്‍ന്നതെന്നും മാതാവ് മാത്രമേ ജീവിച്ചിരിപ്പുള്ളൂവെന്നും ഇയാള്‍ പിന്നീട് പറഞ്ഞു. മാതാവ് മ്യാന്‍മര്‍ സ്വദേശിയാണെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. ഹിന്ദിയിലാണ് സംസാരിക്കുന്നത്.
Next Story

RELATED STORIES

Share it