Districts

അബ്ദുല്‍കലാം സ്മൃതിയാത്ര രണ്ടാംഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: എ പി ജെ അബ്ദുല്‍കലാം സ്മൃതിയാത്രയുടെ ഭാഗമായി 'സുബോധം- ആയിരം അഗ്നിച്ചിറകുകള്‍' എന്ന പേരില്‍ സംസ്ഥാന—ത്താകെ 1,000 ഹോം ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. നാളെ ശിശുദിനത്തില്‍ സ്മൃതിയാത്രയുടെ രണ്ടാംഘട്ടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ നാഷനല്‍ സര്‍വീസ് സ്‌കീം സംസ്ഥാന സെല്ലിന്റെ ആഭിമുഖ്യത്തില്‍ രാമേശ്വരം മുതല്‍ രാഷ്ട്രപതിഭവന്‍ വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്.
കേരളത്തിലെ എന്‍എസ്എസ് യൂനിറ്റുകളുള്ള 300ഓളം വിഎച്ച്എസ്ഇ സ്‌കൂളുകളിലായി ഒരു യൂനിറ്റിന്റെ കീഴില്‍ നാലുവീതം ഹോം ലൈബ്രറികളാണ് സ്ഥാപിക്കുന്നത്. നാളെ തന്നെ ഈ ലൈബ്രറികള്‍ പ്രവര്‍ത്തനം ആരംഭിക്കും. നാളെ വൈകീട്ട് മൂന്നിന് ശംഖുമുഖം ബീച്ചില്‍ രണ്ടാംഘട്ട യാത്രആരംഭിക്കും. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കും.
രണ്ടാംഘട്ട യാത്ര 1,000 ഹോം ലൈബ്രറികള്‍ സന്ദര്‍ശിച്ച് ഡിസംബര്‍ 31ന് കോഴിക്കോട്ട് സമാപിക്കും. പുതുവല്‍സരദിനത്തില്‍ അബ്ദുല്‍ കലാമിന്റെ സംഭാവനകളെ സ്മരിച്ച് വര്‍ണശബളമായ 1000 പട്ടങ്ങള്‍ പറത്തും.
സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it