Alappuzha local

അബ്ദുല്‍കലാം ഫൗണ്ടേഷന്‍ അവാര്‍ഡ് ദേവി ഉണ്ണിമായക്ക്

എടത്വ: അബ്ദുല്‍കലാം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ രാമേശ്വരം ഏര്‍പ്പെടുത്തിയ പ്രഥമ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ദേവി ഉണ്ണിമായക്ക് ലഭിച്ചു.
ബാംഗ്ലൂരില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും കലാമിന്റെ സഹോദരിയുമായ ഡോ. നസീമ മരയ്ക്കാര്‍ അവാര്‍ഡ് വിതരണം ചെയ്തു. ബാംഗ്ലൂരിലെ സാഹിത്യകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും കൂട്ടായ്മയായ ഇന്‍ഫോസിസ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ കൂടി പങ്കാളിയായി നടത്തിയ ചടങ്ങില്‍ ദേവി ഉണ്ണിമായക്ക് പ്രശസ്തി പത്രവും, പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്രിസ്റ്റല്‍ ട്രോഫിയും, പതിനായിരം രൂപ കാഷ് അവാര്‍ഡും നല്‍കി. വളരെ ചെറിയ പ്രായത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലേര്‍പെട്ടതാണ് അവാര്‍ഡിന് അര്‍ഹയായത്. കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നീ ഇനങ്ങളില്‍ തനത് വ്യക്തിമുദ്ര പതിപ്പിച്ച ഉണ്ണിമായ തനിക്ക് ലഭിക്കുന്ന അവാര്‍ഡ് തുകയും, പ്രതിഫലവും സമൂഹത്തിലെ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും സംഭവിച്ച കുട്ടികളുടെ പഠനത്തിനു നല്‍കിയതാണ് അവാര്‍ഡ് നിര്‍ണയത്തിന് തിരഞ്ഞെടുത്തത്.
അബ്ദുല്‍കലാം ഫൗണ്ടേഷന്‍ നല്‍കിയ പതിനായിരം രൂപ വിഭിന്നശേഷിയുള്ള കുട്ടിക്ക് തബല പരിശീലനത്തിന് നല്‍കി. ഈ അവാര്‍ഡ് ലഭിച്ചതോടെ ഇന്‍ഫോസിസ് ഇന്ത്യന്‍ ഫൗണ്ടേഷന്റെ ഒരു വര്‍ഷത്തെ ബ്രാ ന്‍ഡ് അംബാസിഡറായി ഉണ്ണിമായയെ നിയമിച്ചു. ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടേയും രാജി അന്തര്‍ജനത്തിന്റേയും മകളാണ് ദേവി ഉണ്ണിമായ. ഏകസഹോദരന്‍ ദുര്‍ഗദത്തന്‍ നമ്പൂതിരി.
Next Story

RELATED STORIES

Share it