133 കോടിയുടെ കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് ആദ്യഘട്ടം ഉദ്ഘാടനത്തിന്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ നിര്‍മിക്കുന്ന ചന്ദ്രഗിരി വഴിയുള്ള കാസര്‍കോട്-കാഞ്ഞങ്ങാട് റോഡ് നിര്‍മാണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം നടക്കും.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജങ്ഷന്‍ മുതല്‍ പള്ളിക്കര വരെയാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. കാഞ്ഞങ്ങാട് ടൗണിലെ കെഎസ്ടിപി റോഡ് നിര്‍മാണം വിവാദത്തില്‍പെട്ടതിനെ തുടര്‍ന്ന് നിര്‍മാണം ഒച്ചിന്റെ വേഗതയിലാണ്. 133 കോടി രൂപ ചെലവില്‍ 27 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ റോഡ് പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പായി നിര്‍മാണം പൂര്‍ത്തിയായത്ര റോഡ് തുറന്നുകൊടുക്കാനാണ് ആലോചന നടക്കുന്നത്.
കൊച്ചി പനമ്പിള്ളി നഗറിലെ ആര്‍ടിഎസ് പ്രൊജക്ട് ലിമിറ്റഡാണ് കരാറുകാര്‍. എജീസ് ഇന്ത്യ കണ്‍സള്‍ട്ടിങ് എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രൊജക്ട് കണ്‍സല്‍ട്ടന്റ്. ചെമനാട് ചെളിയങ്കോട്ട് പാലം നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. 22 മീറ്റര്‍ നീളത്തിലുള്ള അഞ്ച് സ്പാനോട് കൂടിയ പാലത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ഡല്‍ഹിയിലെ ആര്‍ഡിഎസ് കമ്പനിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല. 12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോവാനും കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോവാന്‍ പ്രത്യേക സംവിധാനവും പാലത്തില്‍ ഒരുക്കിയിട്ടുണ്ട്. മേല്‍പറമ്പ് മുതല്‍ അജാനൂര്‍ ഇക്ബാല്‍ ജങ്ഷന്‍വരെ 19 കിലോമീറ്റര്‍ ദൂരത്തെ മരങ്ങള്‍ നേരത്തേ മുറിച്ചുനീക്കിയിട്ടുണ്ട്.
കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശ റോഡിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാക്കി മാറ്റുന്നതാണ് പദ്ധതി. നിലവില്‍ കെഎസ്ആര്‍ടിസിയുടെ ദേശസാല്‍കൃത റൂട്ടാണ് ചന്ദ്രഗിരിപ്പാത. ചെമനാട്, ഉദുമ, പള്ളിക്കര, കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകള്‍ എന്നിവയ്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ദേശീയപാതയിലൂടെയുള്ള വാഹനങ്ങളുടെ തിരക്കും റോഡ് യാഥാര്‍ഥ്യമാവുന്നതോടെ കുറയ്ക്കാന്‍ സാധിക്കും.
Next Story

RELATED STORIES

Share it