Alappuzha local

അബൂബക്കറിന്റെ ജീവന്‍ നിലനിര്‍ത്താനായി നാട് ഒന്നിച്ചു

അമ്പലപ്പുഴ: അബൂബക്കറിന്റെ ജീവന്‍ നിലനിര്‍ത്താനായി നാട് ഒന്നിച്ചു. മണിക്കൂറുകള്‍കൊണ്ട് സമാഹരിച്ചത് അഞ്ച് ലക്ഷത്തില്‍പ്പരം രൂപ. കാക്കാഴം തോപ്പില്‍ ജാഫറിന്റെ മകന്‍ അബൂബക്കറിന്റെ ജീവനുവേണ്ടിയാണ് കഴിഞ്ഞ ദിവസം ധനസമാഹരണം നടത്തിയത്. ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് തുടയെല്ല് നീക്കി മെറ്റല്‍ പ്ലേറ്റ് ഘടിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയ അബൂബക്കറിന് ഇതിനകം ചികിത്സക്കായി 15 ലക്ഷത്തില്‍പ്പരം രൂപ ചെലവഴിച്ചു.
എന്നാല്‍, ശസ്ത്രക്രിയവഴി ഘടിപ്പിച്ച മെറ്റല്‍പ്ലേറ്റും അതിനോട് ചേര്‍ന്നുള്ള മറ്റുള്ളവയും തകരാറിലായതോടെ എഴുന്നേല്‍ക്കാന്‍പോലും പറ്റാതെ ദുരിതജീവിതം നയിക്കുന്ന അബൂബക്കറിന്റെ ജീവന്‍ നിലനിര്‍ത്താനായി 12, 13, 14 വാര്‍ഡുകളിലാണ് ധനസമാഹരണം നടന്നത്. 5,38,350 രൂപയാണ് ഇതിലൂടെ ലഭിച്ചത്. കഴിഞ്ഞദിവസം കമ്പവളപ്പില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ ഈ തുക അബൂബക്കറിന്റെ കുടുംബത്തിന് കൈമാറി. തന്റെ വകയായി 5000 രൂപയും മന്ത്രി ചടങ്ങില്‍ നല്‍കി. ചെയര്‍മാന്‍ യു രാജുമോന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത, പഞ്ചായത്ത് അംഗം സിനിന്‍, നൗഷാദ്, സജിമോന്‍, അഡ്വ. എ നിസാമുദ്ദീന്‍, മനാഫ്, സലിം എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it