അബൂദബി വീക്കിന്റെ രണ്ടാംപതിപ്പ് 16, 17, 18 തിയ്യതികളില്‍ കൊച്ചിയില്‍

കൊച്ചി: അബൂദബി വീക്ക് വീണ്ടും ഇന്ത്യയിലെത്തുന്നു. കൊച്ചിയും കൊല്‍ക്കത്തയുമാണ് രണ്ടാംപതിപ്പിന് വേദിയാവുക. ഈ മാസം 16, 17, 18 തിയ്യതികളില്‍ കൊച്ചി കലൂര്‍ ജവഹ ര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് അബൂദബി വീക്ക് രണ്ടാംപതിപ്പ് നടക്കുക.23 മുതല്‍ മേള കൊല്‍ക്കത്തയിലും നടക്കും. അബൂദബി എമിറേറ്റിന്റെ ടൂറിസത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രചാരണച്ചുമതലയുള്ള അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പാണ് അബൂദബി വീക്ക് ക്യൂറേറ്റ് ചെയ്യുന്നത്.ഇന്ത്യയുമായി ഏറെക്കാലത്തെ ബന്ധമുള്ള ഈ എമിറേറ്റിന്റെ കലാസാംസ്‌കാരിക മേഖലയുടെയും വിനോദ-കായികമേഖലകളുടെയും ആകര്‍ഷണീയതകള്‍ പ്രദര്‍ശിപ്പിക്കും. പരമ്പരാഗത മികവുകളും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങുന്ന ഒരു ലോകോത്തര നഗരമായി വളര്‍ന്നിരിക്കുന്ന അബൂദബിയിലെ വിസ്മയക്കാഴ്ചകളും അനുഭവങ്ങളും വെര്‍ച്വര്‍ ടൂറിലൂടെ അവതരിപ്പിക്കുന്നതിനും ഈ ദിവസങ്ങളില്‍ കൊച്ചി വേദിയാവും. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ അബൂദബി സന്ദര്‍ശനത്തിനുള്ള പാക്കേജ് ട്രിപ്പുകള്‍ സമ്മാനമായി നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു. ഈ പ്രദേശത്തിന്റെ കായികവിനോദങ്ങളും പാചകവൈവിധ്യവും കലാ-സാഹിത്യ മേഖലകളിലെ സമ്പന്നതയും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവും. മണലും ബെദൂയിന്‍ ടെന്റുകളും സഫാരി ജീപ്പുകളും പരമ്പരാഗത അറബി വിശ്രമകേന്ദ്രങ്ങളും ദീപവിതാനങ്ങളും നിറഞ്ഞ അല്‍ ഐന്‍ കൊട്ടാരം, അല്‍ ദഫ്ര മേഖല എന്നിവ മേളയില്‍ പുനസൃഷ്ടിക്കും. അബൂദബി സര്‍ക്കാരിലെ ഉന്നത ടൂറിസം ഉദ്യോഗസ്ഥരും കൊച്ചിയിലുണ്ടാവും. ഇന്ത്യയുടെ സാമ്പത്തികരംഗം മികവു കാണിക്കുന്ന പശ്ചാത്തലത്തില്‍ ഇവിടെ നിന്ന് ഒട്ടേറെപേര്‍ വിദേശ വിനോദയാത്രകള്‍ നടത്തുന്നതിനാല്‍ തങ്ങള്‍ക്ക് ഏറെ പ്രധാനമാണ് ഈ വിപണിയെന്ന് അബൂദബി കള്‍ച്ച ര്‍ ടൂറിസം വകുപ്പ് പ്രമോഷന്‍സ് ആന്റ് ഓവര്‍സീസ് ഓഫിസസ് ഡയറക്ടര്‍ മുബാറക് അല്‍ നൂഎമി പറഞ്ഞു. ഇതുകണക്കിലെടുത്ത് അബൂദബി ഏറെ ചെലവേറിയ ഒരു വിനോദസഞ്ചാരകേന്ദ്രമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതുള്‍പ്പെടെയുള്ള ബോധവല്‍ക്കരണമാണ് അബൂദബി വീക്കിലൂടെ ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it