അബു ഗുറൈബിലെ പീഡനങ്ങള്‍: നിയമനടപടികളുമായി നാല് ഇറാഖികള്‍

ബഗ്ദാദ്: യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള അബു ഗുറൈബ് ജയിലില്‍ നേരിട്ട പീഡനങ്ങള്‍ക്കെതിരേ നിയമനടപടികളുമായി മാധ്യമപ്രവര്‍ത്തകനടക്കം നാല് ഇറാഖികള്‍. മാധ്യമപ്രവര്‍ത്തകന്‍ സലാ ഹസന്‍ നൂസൈഫ് അല്‍ ഇജാലിയാണ് കഴിഞ്ഞദിവസം അല്‍ ജസീറയിലൂടെ അബു ഗുറൈബ് പീഡനങ്ങളെക്കുറിച്ചു വീണ്ടുമോര്‍മിപ്പിച്ചത്. ഇറാഖില്‍ അല്‍ ജസീറ കാമറാമാനായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തെ യുഎസ് അറസ്റ്റ് ചെയ്യുന്നതും തുടര്‍ന്ന്, അബു ഗുറൈബിലേക്കയക്കുന്നതും.
നാലുമാസത്തെ തടവിനിടെ ക്രൂരമായ പീഡനങ്ങളാണ് അനുഭവിച്ചത്. താനടക്കമുള്ളവരെ യുഎസ് സൈനികര്‍ നഗ്നരാക്കി നിര്‍ത്തി ഉപദ്രവിക്കുകയും ചങ്ങലകളില്‍കെട്ടി തൂക്കിനിര്‍ത്തുകയും ചെയ്തു. ജയിലില്‍ വച്ചു കൊല്ലപ്പെടുമെന്നു പലപ്പോഴും കരുതിയെന്നും അദ്ദേഹം പറഞ്ഞു.
അബു ഗുറൈബിലെ പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ ആരെങ്കിലും നിയമപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇജാലിയും ജയിലിലെ തടവുകാരായിരുന്ന സുഹൈല്‍ നജീം അബ്ദുല്ലാ അല്‍ ഷിമാരി, താഹാ യാസീന്‍ അറാഖ് റാഷിദ്, സഅദ് ഹംസ ഹന്‍തൂഷ് അല്‍സുബാഇ എന്നിവരും അറിയിച്ചു.
ഇലക്ട്രിക് ഷോക്കു നല്‍കിയും നായകളെ ഉപയോഗിച്ചും ജയിലില്‍ വച്ച് തന്നെ പീഡിപ്പിച്ചതായി 2003 മുതല്‍ 2005 വരെ അബു ഗുറൈബില്‍ കഴിഞ്ഞ അല്‍ ഷിമാരി പറഞ്ഞു. തന്റെ ലൈംഗികാവയവങ്ങളില്‍ ജയിലില്‍വച്ച് ലാത്തികള്‍കൊണ്ട് മര്‍ദ്ദനമേറ്റതായി അല്‍സുബാഇ പറയുന്നു.
തങ്ങള്‍ നല്‍കിയ പരാതികളില്‍ യുഎസ് കോടതി നടപടി സ്വീകരിക്കുന്നതിന് കാത്തിരിക്കുകയാണെന്ന് നാലുപേരും വ്യക്തമാക്കി. അബു ഗുറൈബ് ജയില്‍ നടത്തിപ്പിന് കരാറെടുത്തിരുന്ന യുഎസിലെ സിഎസിഎല്‍ പ്രീമിയര്‍ ടെക്‌നോളജിയില്‍ നിന്നാണ് പീഡനം സംബന്ധിച്ച് വിശദീകരണം തേടേണ്ടതെന്ന് വിര്‍ജീനിയയിലെ ഫെഡറല്‍ കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അല്‍ ഷിമാരിയും സിഎസിഎലുമായുള്ള 2008 മുതല്‍ തുടരുന്ന കേസ് പരിഗണിക്കവേ ആയിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്.
Next Story

RELATED STORIES

Share it