അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് അനുസ്മരണം; എസ്എആര്‍ ഗിലാനിക്കെതിരേ രാജ്യദ്രോഹ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അബ്ദുര്‍ റഹ്മാന്‍ ഗിലാനിക്കെതിരേ ഡല്‍ഹി പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തു. പരിപാടിക്കിടെ ശ്രോതാക്കളില്‍ ചിലര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. ഗിലാനിയെക്കൂടാതെ പേരറിയാത്ത ചിലര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. ഗൂഢാലോചന, നിയമവിരുദ്ധമായി യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയതായി ഡിസിപി ജതിന്‍ നര്‍വാല്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി. അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് തുടങ്ങിയവരെ അനുസ്മരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച നടന്ന യോഗത്തില്‍ മുദ്രാവാക്യംവിളി ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസ്‌ക്ലബ്ബ് അധികൃതര്‍ ഇടപെട്ട് യോഗം നിര്‍ത്തിവയ്പ്പിച്ചിരുന്നു. യോഗം നടത്താന്‍ ഹാള്‍ ബുക്ക് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയ പ്രസ്‌ക്ലബ്ബ് അംഗം അലി ജാവേദിന് പ്രസ്‌ക്ലബ്ബ് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
പരിപാടിയുടെ പ്രധാന സംഘാടകന്‍ എന്ന നിലയ്ക്കാണ് ഗിലാനിക്കെതിരേ കേസെടുത്തതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. ഗിലാനിയുടെ ഇ-മെയില്‍ മുഖേനയാണ് ഹാള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
പരിപാടിയുടെ വീഡിയോ പരിശോധിച്ചു വരുകയാണെന്നും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെയും പരിപാടിയില്‍ പങ്കെടുത്തവരെയും കണ്ടെത്താന്‍ ശ്രമിച്ചുവരുകയാണെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it