അഫ്‌സല്‍ ഗുരു, ഇശ്‌റത് ജഹാന്‍: പാര്‍ലമെന്റ് പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെക്കുറിച്ചുള്ള മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അഭിപ്രായവും വ്യാജ ഏറ്റുമുട്ടലില്‍ ഇശ്‌റത് ജഹാന്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ വെളിപ്പെടുത്തലുകളും ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ വാക്‌പോരിനിടയാക്കി.
ബിജെപിയിലെ അനുരാഗ് താക്കൂറാണ് ചര്‍ച്ച തുടങ്ങിയത്. മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ രാഷ്ട്രീയമായി നേരിടാനുള്ള അന്നത്തെ യുപിഎ സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇശ്‌റതിനെക്കുറിച്ചുള്ള പിള്ളയുടെ പരാമര്‍ശമെന്ന് അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെക്കുറിച്ചു സംശയമുണ്ടെന്നാണ് ചിദംബരം പറഞ്ഞത്. ഇശ്‌റതിനും കൂട്ടര്‍ക്കും ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരുന്നെന്നും എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍ കാരണം അതില്‍ മാറ്റം വരുത്തിയെന്നുമാണ് ജി കെ പിള്ളയുടെ വെളിപ്പെടുത്തല്‍. ഇത് മോദിക്കെതിരേ യുപിഎ സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ആരാണ് സത്യവാങ്മൂലം മാറ്റിയതെന്ന് രാജ്യത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ചില അംഗങ്ങളെ മാത്രമാണ് സഭാധ്യക്ഷന്‍ സംസാരിക്കാന്‍ അനുവദിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. സോണിയഗാന്ധിയെയും രാഹുലിനെയും അധിക്ഷേപിച്ച താക്കൂറിന്റെ പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. എന്‍സിപിയും ഇടതുപക്ഷാംഗങ്ങളും ഖാര്‍ഗെയെ പിന്തുണച്ചു. ബിജെപി അംഗങ്ങള്‍ പിള്ളയെ പ്രശംസിച്ചപ്പോള്‍ ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് പിള്ള സംസാരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. രേണുക ചൗധരി, പ്രമോദ് തിവാരി, കെ സി ത്യാഗി എന്നിവര്‍ പിള്ളയെ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it