അഫ്‌സല്‍ ഗുരു അനുസ്മരണം: ഗിലാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗിലാനിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം നടന്നതിനാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ഏഴ് കിലോമീറ്റര്‍ അകലെയുള്ള ചാണക്യപുരി പോലിസ് സ്‌റ്റേഷനില്‍ വച്ചാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോലിസിന്റെ അപേക്ഷയെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
ഗിലാനിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പോലിസ് മജിസട്രേറ്റിനെ അറിയിച്ചു. തുടര്‍ന്നാണ് മാര്‍ച്ച് 3 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഗിലാനിയുടെ അഭിഭാഷകന്‍ സതീഷ് തമ്ത സമര്‍പ്പിച്ച ജാമ്യ ഹരജി ഇന്ന് പരിഗണിക്കുമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. ഫെബ്രുവരി 16ന് ഗിലാനിയെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഫെബ്രുവരി 10ന് ഗിലാനി പങ്കെടുത്ത പരിപാടിയില്‍ അഫ്‌സല്‍ ഗുരുവിനേയും മഖ്ബുല്‍ ഭട്ടിനേയും രക്തസാക്ഷികളായി ചിത്രീകരിച്ച് ബാനര്‍ സ്ഥാപിച്ചിരുന്നതായും കശ്മീരിന് സ്വാതന്ത്ര്യം വേണമെന്നതടക്കമുള്ള ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നതായും പോലിസ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ചടങ്ങിന്റെ കണ്‍വീനര്‍ മാത്രമാണ് ഗിലാനിയെന്നും ചടങ്ങിലേക്ക് എല്ലാവര്‍ക്കും പ്രവേശനം നല്‍കിയിരുന്നുവെന്നും ഗിലാനിയുടെ അഭിഭാഷകന്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച് സ്വമേധയാ ഗിലാനിക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കുകയായിരുന്നുവെന്നാണ് പോലിസ് കോടതിയില്‍ പറഞ്ഞത്. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലായ ഗിലാനിയെ തെളിവില്ലെന്ന കാരണത്താല്‍ 2003 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി വിട്ടയച്ചിരുന്നു.
Next Story

RELATED STORIES

Share it