Editorial

അഫ്‌റാസുല്‍ വധം: ശിക്ഷ വൈകിക്കൂടാ

പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശി മുഹമ്മദ് അഫ്‌റാസുല്‍ ഖാന്‍ എന്ന 50കാരനെ വെട്ടിവീഴ്ത്തിയശേഷം ചുട്ടുകൊന്ന ക്രൂരസംഭവം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് ഇന്ത്യയിലെ മതേതരസമൂഹം ഇന്നും മുക്തമായിട്ടില്ല. 20 വര്‍ഷത്തോളമായി രാജസ്ഥാനില്‍ ജോലി ചെയ്തുവരുന്ന അഫ്‌റാസുല്‍ ഖാനെ ഇത്രയും നികൃഷ്ടമായി കൊന്നതിനു കാരണമായി പറയുന്നത് ലൗ ജിഹാദ് ആണ്. ജിഹാദികളുടെ അന്തിമവിധി ഇതായിരിക്കുമെന്ന് കൊലയാളിയായ ശംഭുലാല്‍ റൈഗാര്‍ വീഡിയോയില്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, ആസൂത്രിതമായ തന്റെ ക്രൂരതയ്ക്കു മറയിടുന്നതിന് കൊലയാളി കണ്ടെത്തിയ ന്യായീകരണം മാത്രമാണ് ഈ ആരോപണമെന്നാണ് വ്യക്തമാവുന്നത്. കൊലയാളി സൂചിപ്പിച്ച യുവതി തന്നെ, തനിക്ക് അഫ്‌റാസുലുമായി ഒരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂ. കൊലയാളി മനോരോഗിയാണെന്ന പതിവു നിലപാട് പോലിസ് ആവര്‍ത്തിച്ചതായും പത്രവാര്‍ത്തയുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും ഇതിനെക്കുറിച്ചു നിശ്ശബ്ദത പാലിക്കുന്നില്ലെങ്കില്‍ ജനമനസ്സുകളില്‍ വര്‍ഗീയചിന്ത ശക്തമാവുമെന്നും കരുതുന്ന ചില ശുദ്ധാത്മാക്കളുണ്ട്. അവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഒമ്പതു മാസത്തിനകം നിഷ്ഠുരം വധിക്കപ്പെടുന്ന നാലാമത്തെ ആളാണ് അഫ്‌റാസുല്‍. നാലുപേരും തുല്യമായി പങ്കുവയ്ക്കുന്ന ഒരൊറ്റ കാര്യം അവര്‍ മുസ്‌ലിംകളാണ് എന്നതാണ്. കൊലയാളി അപ്‌ലോഡ് ചെയ്ത വീഡിയോ കാണാനും അതു പങ്കുവയ്ക്കാനും ഈ ക്രൂരത സ്വാഗതം ചെയ്യാനും തയ്യാറായ നരാധമര്‍ കേരളത്തില്‍പോലുമുണ്ടായി. മാര്‍ബിള്‍ വ്യാപാരിയായിരുന്ന ശംഭുലാല്‍ റൈഗാര്‍ വിദ്വേഷപ്രസംഗങ്ങളുടെ ശ്രോതാവായിരുന്നുവെന്നാണ് വാര്‍ത്ത. കാസര്‍കോട്ട് ഫഹദ് എന്ന എട്ടുവയസ്സുകാരനെ ആക്രമിച്ച കൊലയാളിയുടെ മൊബൈലില്‍ നിന്നു കണ്ടെത്തിയതും മതവിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗങ്ങളുടെ ക്ലിപ്പുകളാണ്. ഇത്തരം വിദ്വേഷ കൊലകള്‍ ജനാധിപത്യ സംവിധാനത്തില്‍ വളരെ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മനുഷ്യത്വരഹിതമായ ക്രൂരതകളുടെ ആവര്‍ത്തനം തടയുന്നതിനു പകരം സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും പത്രമാധ്യമങ്ങള്‍ക്കു കടിഞ്ഞാണിടുന്നതിനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കൊലയാളിക്കും കൂട്ടാളികള്‍ക്കും അര്‍ഹവും അനുയോജ്യവുമായ ശിക്ഷ ഒട്ടും വൈകാതെ ലഭിക്കുന്നതിലൂടെ മാത്രമേ ഇത്തരം വിദ്വേഷ കൊലകള്‍ക്ക് അറുതിവരുത്താനാവൂ. കൊലപാതകത്തെ അപലപിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, കേസ് പെട്ടെന്ന് വിചാരണ ചെയ്തു വിധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉറപ്പുവരുത്തുന്നതിനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.ഇതിനു പിന്നാലെയാണ് ഹരിയാനയിലെ നൂഹ് ഗ്രാമവാസി തസ്‌ലീം എന്ന 22കാരനെ ആല്‍വാര്‍ ജില്ലയില്‍ കഴിഞ്ഞദിവസം രാജസ്ഥാന്‍ പോലിസ് വെടിവച്ചുകൊന്നത്. പശുവിന്റെ പേരിലും 'ലൗ ജിഹാദ്' ആരോപിച്ചും ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ടക്കൊലകളും ഭരണകൂട ഭീകരതയും നമ്മുടെ നാടിന്റെ സ്വാസ്ഥ്യമാണ് തല്ലിക്കെടുത്തുന്നത്.
Next Story

RELATED STORIES

Share it