അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ വനിതയെ തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി/കൊല്‍ക്കത്ത: അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ വനിതയെ തട്ടിക്കൊണ്ടുപോയി. അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനയായ ആഗാഖാന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തകയായ ജുഡിത്ത് ഡിസൂസയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. കൊല്‍ക്കത്ത സ്വദേശിയായ ഇവരെ കാബൂളിലെ തയ്മാനി പ്രദേശത്തു നിന്നു മറ്റു രണ്ടുപേര്‍ക്കൊപ്പം വ്യാഴാഴ്ച വൈകീട്ടാണ് തട്ടിക്കൊണ്ടുപോയത്. സുരക്ഷാ സൈനികനും ഡ്രൈവറുമാണു തട്ടിക്കൊണ്ടുപോവപ്പെട്ട മറ്റുരണ്ടുപേര്‍. ആഗാ ഖാന്‍ ഫൗണ്ടേഷന്റെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണു ജുഡിത്ത്. അടുത്ത ബുധനാഴ്ച വീട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു അവരെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണു തട്ടിക്കൊണ്ടുപോയ വിവരം കൊല്‍ക്കത്തയിലെ വീട്ടില്‍ അറിഞ്ഞത്. അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയും അഫ്ഗാന്‍ അധികൃതരും ജുഡിത്തിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിവരികയാണെന്ന് കേന്ദ്രമന്ത്രി സുഷമസ്വരാജ് ബന്ധുക്കളെ അറിയിച്ചു. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് രതീഷ് നന്ദയും അറിയിച്ചു.അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസിയാണ് ജുഡിത്തിനെ തട്ടിക്കൊണ്ടുപോയ വിവരം കുടുംബത്തെ അറിയിച്ചതെന്ന് അവരുടെ സഹോദരി ആഗ്‌നസ് ഡിസൂസ അറിയിച്ചു. സഹോദരിയെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. യുദ്ധക്കെടുതികള്‍ വിതച്ച അഫ്ഗാനിസ്താനില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ആഗാഖാന്‍ ഫൗണ്ടേഷന്‍.
Next Story

RELATED STORIES

Share it