അഫ്ഗാനില്‍ ഇരട്ട സ്‌ഫോടനം; 20 മരണം

കാബൂള്‍: അഫ്ഗാനില്‍ വ്യത്യസ്തയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്കു പരിക്കേറ്റു. തലസ്ഥാനമായ കാബൂളിലും കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കുനാറിലുമാണ് ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലും ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയവരാണ് പൊട്ടിത്തെറിച്ചത്.
കാബൂളിലെ പ്രതിരോധ മന്ത്രാലയ ഓഫിസിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണ്.കുനാറിലെ ചന്തയുടെ സമീപമുണ്ടായ സ്‌ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിക്കുന്നതിനു മുമ്പ് ബോംബര്‍ മോട്ടോര്‍ സൈക്കിളില്‍ പ്രവിശ്യാതലസ്ഥാനമായ അസദാബാദിലെ സര്‍ക്കാര്‍ ഓഫിസ് കവാടത്തിലെത്തിയിരുന്നതായി പ്രവിശ്യാ ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. ആക്രമണത്തിനിരയായവരില്‍ സമീപത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളും ഉള്‍പ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗോത്രനേതാവും അര്‍ധസൈനിക കമാന്‍ഡറുമായ ഹാജി ഖാന്‍ ജാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്നു റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
താലിബാനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന പല സൈനിക ദൗത്യങ്ങളിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ താലിബാന്‍ പോരാളികളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it