അഫ്ഗാനിലെ പാക് കോണ്‍സുലേറ്റിന്  സമീപം സ്‌ഫോടനം

ഇസ്‌ലാമാബാദ്: അഫ്ഗാനിലെ ഇന്ത്യ-പാക് കോണ്‍സുലേറ്റുകള്‍ക്ക് സമീപമുണ്ടായ ആക്രമണങ്ങളില്‍ നാലു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പാകിസ്താനിലേക്കുള്ള വിസ അപേക്ഷകരുടെ വരിയില്‍ ഇടം പിടിച്ച അക്രമി കെട്ടിടത്തിലേക്ക് കടക്കാനുള്ള നീക്കം നിഷേധിക്കപ്പെട്ടതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് ഇരച്ചുകയറിയ സായുധസംഘം സൈന്യത്തിനു നേരെ വെടിവയ്പ് തുടരുകയാണ്. സൈന്യവും പ്രത്യാക്രമണം നടത്തുന്നുണ്ട്. ഇന്ത്യ-പാകിസ്താന്‍ എന്നിവയുടേതുള്‍പ്പെടെ നിരവധി കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ഇവിടെ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായും സമീപ വിദ്യാലയത്തില്‍നിന്നും പാര്‍പ്പിട മേഖലയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ആക്രമണം.
ഇന്ത്യന്‍ കോണ്‍സുലേറ്റ് അക്രമികളുടെ ലക്ഷ്യമായിരുന്നില്ലെന്നും ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 10 ദിവസത്തിനകം മൂന്നാം തവണയാണ് അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും സമീപ പ്രദേശങ്ങളിലും ആക്രമണം ഉണ്ടാവുന്നത്. അതിനിടെ, അഫ്ഗാനിലെ മഷര്‍ ഇ ഷെറിഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ പട്ടാളമാണെന്ന് അഫ്ഗാന്‍ ആരോപിച്ചു.
ആക്രമണത്തിനു പിന്നില്‍ 99 ശതമാനവും പാകിസ്താന്‍ സൈന്യമാണെന്നും പ്രത്യേക തന്ത്രങ്ങളാണ് സായുധസംഘം പ്രയോഗിച്ചതെന്നും അഫ്ഗാനിലെ ബാല്‍ഹ് പ്രവിശ്യയിലെ സൈനിക മേധാവി വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
Next Story

RELATED STORIES

Share it