Flash News

അഫ്ഗാനിലെ തോറാബോറാമലനിരകള്‍ ഐഎസ് പിടിച്ചടക്കി ; വാര്‍ത്ത താലിബാന്‍ നിഷേധിച്ചു



കാബൂള്‍: അഫ്ഗാനിലെ തോറാബോറാ മലനിരകളുടെ നിയന്ത്രണം ഐഎസ് പിടിച്ചടക്കി. നംഗര്‍ഹാര്‍ പ്രവിശ്യയില്‍ പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മലനിരകള്‍ ഐഎസ് പിടിച്ചടക്കിയതായി അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. 2001ല്‍ അഫ്ഗാനില്‍ വിന്യസിച്ച യുഎസ് സെന്യത്തിനെതിരായ സായുധനീക്കങ്ങള്‍ക്കായി അല്‍ഖാഇദ നേതാവ് ഒസാമ ബിന്‍ലാദന്‍ തോറാ ബോറാ മലനിരകള്‍ ഉപയോഗിച്ചിരുന്നു. താലിബാന്‍ നിയന്ത്രണത്തിലായിരുന്ന മലനിരകള്‍ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ഐഎസ് പിടിച്ചടക്കുകയായിരുന്നെന്ന് മേഖലയിലെ പോലിസ് കമാന്‍ഡര്‍ ഷാ വാലി അറിയിച്ചു. ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആചിന്‍ മലനിരകള്‍ ഏപ്രിലില്‍ യുഎസ് ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പുതിയ കേന്ദ്രം കണ്ടെത്താനായി ഐഎസ് ശ്രമമാരംഭിച്ചിരുന്നതായും പോലിസ് കമാന്‍ഡര്‍ അറിയിച്ചു. എന്നാല്‍, മലനിരകള്‍ ഐഎസ് പിടിച്ചടക്കിയെന്ന വാര്‍ത്ത താലിബാന്‍ നിഷേധിച്ചു. തങ്ങളുടെ പക്കലുള്ള ചില പ്രദേശങ്ങള്‍ ഐഎസ് പിടിച്ചടക്കിയെന്നും  തോറാബോറ ഇതിലുള്‍പ്പെടുന്നില്ലെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പ്രതികരിച്ചു. തോറാബോറ പിടിച്ചടക്കിയതായും പക്ഷേ, ഇത് അവസാനമല്ലെന്നും ഐഎസ് കമാന്‍ഡറായ അബു ഒമര്‍ ഖോരാസാനി പറഞ്ഞതായി റോയ്‌റ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സര്‍ക്കാരില്‍ നിന്നും താലിബാനില്‍ നിന്നും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്നും തോറാബോറയില്‍ നിന്ന് ഖോരാസാനി അറിയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. താലിബാനുമായുള്ള ഐഎസിന്റെ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ മേഖലയില്‍നിന്ന് പലായനം ചെയ്തിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റിനെ ലക്ഷ്യംവച്ച് അഫ്ഗാന്‍ സര്‍ക്കാര്‍ സൈനിക നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം, തോറാബോറയില്‍ കൂടുതല്‍ പേരെ ഐഎസിലേക്ക് അംഗങ്ങളാക്കുകയോ സായുധപ്രവര്‍ത്തകരെ പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടത്തുകയോ ചെയ്യുന്നതായി നംഗര്‍ഹാര്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അത്തഹുല്ല ഖോഗ്യാനി പറഞ്ഞു.
Next Story

RELATED STORIES

Share it