അഫ്ഗാനിലെ ആശുപത്രി ആക്രമണം; മനുഷ്യരാശിക്കെതിരായ ആക്രമണമല്ല: യുഎസ്

വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ കുന്ദൂസില്‍ സ്ഥിതിചെയ്യുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (എംഎസ്എഫ്) ആശുപത്രിയില്‍ നാറ്റോ സഖ്യം നടത്തിയ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അതിനാല്‍ ഇത് മനുഷ്യരാശിക്കെതിരായ ആക്രമണമാവുന്നില്ലെന്നും യുഎസ്.
സാങ്കേതിക പ്രശ്‌നങ്ങളും അറിവില്ലായ്മയുമാണ് ആക്രമണത്തിലേക്കു നയിച്ചതെന്ന് ആക്രമണത്തെക്കുറിച്ചു നടത്തിയ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് ജനറല്‍ ജോസഫ് വോട്ടെല്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നിനുണ്ടായ ആക്രമണത്തില്‍ 24 രോഗികളും 14 ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആശുപത്രി കെട്ടിടം തകരുകയും 37 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ സൈനികര്‍ക്ക് അവിടെ ആശുപത്രി പ്രവര്‍ത്തിക്കുന്നതായി അറിയില്ലായിരുന്നു. ആക്രമിക്കാന്‍ ലക്ഷ്യംവച്ചിരുന്നവയുടെ പട്ടികയില്‍ ആശുപത്രിയില്ലായിരുന്നു. തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന താലിബാന്‍ നിയന്ത്രണത്തിലുള്ള കെട്ടിടമാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്. റേഡിയോ സിസ്റ്റം തകരാറിലായതുമൂലം സൈനികര്‍ക്കു സന്ദേശമെത്തിക്കാന്‍ സാധിച്ചിരുന്നില്ല- വോട്ടെല്‍ പറഞ്ഞു. അന്വേഷണ റിപോര്‍ട്ടില്‍ തൃപ്തരല്ലെന്നും ഒരു സ്വതന്ത്രസമിതിയെന്നതിലുപരി സൈനികസമിതിയാണ് അന്വേഷണം നടത്തിയതെന്നും എംഎസ്എഫ് ആരോപിച്ചു. ഒരു ജനറലുള്‍പ്പെടെ 16 സൈനികര്‍ക്കെതിരേ യുഎസ് അച്ചടക്ക നടപടികള്‍ എടുത്തെങ്കിലും ആര്‍ക്കെതിരേയും ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ല.
Next Story

RELATED STORIES

Share it