World

അഫ്ഗാനിലെ ആക്രമണങ്ങള്‍: കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ കുറവ്

കാബൂള്‍: അഫ്ഗാനിസ്താനില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന സാധാരണക്കാരുടെ നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ ഒമ്പതു ശതമാനം കുറഞ്ഞതായി യുഎന്‍ വാര്‍ഷിക റിപോര്‍ട്ട്. പ്രൊട്ടക്ഷന്‍ ഓഫ് സിവിലിയന്‍സ് ഇന്‍ ആംഡ് കോണ്‍ഫഌക്ട് റിപോര്‍ട്ട് പ്രകാരം 2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ 10,453 സാധാരണക്കാര്‍ വിവിധ ആക്രമണങ്ങളില്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ 3438 പേര്‍ കൊല്ലപ്പെട്ടതായും 7015 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു.
അപകടത്തില്‍പ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും നാലാംതവണയാണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം 10,000 കടക്കുന്നതെന്നത് ആശങ്കപ്പെടുത്തുന്നതായി യുഎന്നിന്റെ അഫ്ഗാനിസ്താനിലെ പ്രതിനിധി അറിയിച്ചു. 2016ല്‍ ഇതേ കാലയളവില്‍ 11,434 പേരാണ് ആക്രമണങ്ങളില്‍ അപകടത്തില്‍പ്പെട്ടത്. 3510 പേര്‍ കൊല്ലപ്പെടുകയും 7924 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുഎസ് സഖ്യ സേനയും അഫ്ഗാന്‍ വ്യോമസേനയും നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ വ്യോമാക്രമണങ്ങളിലാണ് കൂടുതലും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ അനുകൂല സൈനികരുടെ വ്യോമാക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 295 പേര്‍ കൊല്ലപ്പെടുകയും 336 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വ്യോമാക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് 2009ലാണ്. 2009 മുതല്‍ 2017 വരെയുള്ള കണക്കുപ്രകാരം 28,291 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 52,366 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ അപകടത്തില്‍പ്പെട്ട കുട്ടികളുടെ എണ്ണത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം കുറവുണ്ടായതായി റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it