palakkad local

അപ്‌നാ ഘര്‍ ജനുവരിയില്‍ തുറന്നുകൊടുക്കും



പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കഞ്ചിക്കോട് നിര്‍മിച്ച പാര്‍പ്പിട സമുച്ചയം’അപ്‌നാ ഘര്‍’ മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്ന് ഉച്ചയ്ക്ക്  രണ്ടിന് സന്ദര്‍ശിക്കും. തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭവനം ഫൗണ്ടേഷനാണ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് 44,000 ചതുരശ്ര അടിയില്‍ പാര്‍പ്പിട സമുച്ചയം ഒരുക്കിയത്. കിറ്റ്‌കോയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 640 തൊഴിലാളികള്‍ക്ക് ഇവിടെ താമസിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അടുക്കള, കുളിമുറി, ശൗചാലയങ്ങള്‍, വിശ്രമമുറി, പാചകം ചെയ്യുന്നതിനാവശ്യമായ ഗാസ് പൈപ്പുകള്‍, കെട്ടിടത്തോടനുബന്ധിച്ച് സീവെജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ നിര്‍മിച്ചിട്ടുണ്ട്. തൊഴിലുടമകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുക. ഒരു തൊഴിലാളിക്ക് നിശ്ചിത തുക തൊഴിലുടമയില്‍ നിന്നും ഈടാക്കും.  95 ശതമാനവും പ്രവൃത്തി പൂര്‍ത്തിയായി. ജനുവരി ആദ്യവാരം തൊഴിലാളികള്‍ക്ക് താമസത്തിനായി തുറന്ന് നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പി രാമകൃഷ്ണന്‍ അറിയിച്ചു. വ്യവസായ മേഖലയില്‍ 85 സെന്റ് സ്ഥലത്താണ് ഭവനസമുച്ചയത്തിന്റെ പ്രവൃത്തി നടക്കുന്നത്. 640 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ 64 മുറികളും 32 അടുക്കളകളും ഓരോ മുറിയിലും ഇരുനിലയുള്ള 5 കട്ടിലുകളുമാണുണ്ടാവുക. ഒരു മുറിയില്‍ 10 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനൊപ്പം സുഗമമായി ഇരുന്നുകഴിക്കാനാവുന്ന 8 ഡൈനിങ് ഹാളും ഒരുക്കും. കഴിഞ്ഞ വര്‍ഷമാണ് കഞ്ചിക്കോട്ടെ ഇതര സംസ്ഥാനക്കാര്‍ക്ക് സുരക്ഷിത താമസ സൗകര്യത്തിനായി ഭവനസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കഞ്ചിക്കോട്ടെ കമ്പനികളില്‍ ഭൂരിഭാഗവും ഷിഫ്റ്റ് സമ്പ്രദായം വരുന്നതിനാലാണ് ഒരു മുറിയില്‍ 10 പേര്‍ എന്ന നിലയില്‍ താമസം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രീകൃത രീതിയിലാണ് അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്നത്. കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ മാത്രം 5000 ത്തോളം ഇതരസംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.  ഇവരാകട്ടെ താമസിക്കുന്നത് വാളയാര്‍, കഞ്ചിക്കോട്, പുതുശ്ശേരി ഭാഗത്തെ വാടക വീടുകളിലാണ്. ഇവര്‍ക്ക് ആശ്വാസമാവുന്നതായിരിക്കും അപ്‌നഘര്‍.
Next Story

RELATED STORIES

Share it