wayanad local

അപ്രോച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി; ചേകാടി പാലം ഉദ്ഘാടനം ഉടന്‍

പുല്‍പ്പള്ളി: സുല്‍ത്താന്‍ബത്തേരി - മാനന്തവാടി താലൂക്കുകളേയും പുല്‍പ്പള്ളി - തിരുനെല്ലി പഞ്ചായത്തുകളേയും ബന്ധിപ്പിക്കുന്ന ചേകാടിപാലം അടുത്തമാസം ഉദ്ഘാടനം ചെയ്യും. മാസങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മാണം കഴിയാത്തതിനാല്‍ ഉദ്ഘാടനം വൈകുകയായിരുന്നു.
അപ്രോച്ച് റോഡുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അടുത്തമാസം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി ആറ് വര്‍ഷം മുമ്പ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കായിരുന്നു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും പാലത്തിന്റെ പ്ലാനില്‍ മാറ്റം വന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നീണ്ടുപോവുകയായിരുന്നു. നാല് സ്പാനുകളിലായി 100 മീറ്ററോളം നീളമുള്ള പാലം ചേകാടിക്ക് സമീപം കബനി നദിക്ക് കുറുകെയാണ് നിര്‍മിച്ചത്.
കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു പാലത്തിന്റെ ടെന്‍ഡര്‍ എടുത്തിരുന്നതെങ്കിലും പിന്നീട് നിര്‍മാണ ചുമതല സ്വകാര്യ വ്യക്തിയെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു ഭാഗത്ത് 500 മീറ്റര്‍ നീളത്തിലും മറുഭാഗത്ത് 100 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡുള്ളത്. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നിന്നും വളരെ എളുപ്പത്തില്‍ തിരുനെല്ലി, മാനന്തവാടി, കുടക്, എച്ച്ഡികോട്ട, മൈസൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാം.
ബംലളൂരു, മൈസൂര്‍, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വയനാട്ടിലേക്കും തിരിച്ചും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗകര്യമാവും. ചേകാടി, പാളക്കൊല്ലി ഗ്രാമങ്ങളുടെ വികസനത്തിനും പാലം ഏറെ സഹായിക്കും. സുല്‍ത്താന്‍ബത്തേരി - പെരിക്കല്ലൂര്‍ സംസ്ഥാന പാതയേയും മാനന്തവാടി - മൈസൂര്‍ സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്നതാണ് ചേകാടിപാലം. എന്നാല്‍ ഈ പാതകളില്‍ നിന്നും പാലം വഴിയുള്ള റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്.
പുല്‍പ്പള്ളി ഭാഗത്തുനിന്നും ബാവലി ഭാഗത്തുനിന്നുമുള്ള റോഡുകള്‍ വനത്തിലൂടെ കടന്നുപോകുന്നതിനാല്‍ അവ വളരെ വീതി കുറഞ്ഞറോഡുകളാണ്. ഈ ഭാഗത്ത് റോഡിന് വീതി കൂട്ടിയാല്‍ മാത്രമേ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഇതിന് വനംവകുപ്പിന്റെ അനുമതിയും ആവശ്യമാണ്.
Next Story

RELATED STORIES

Share it