malappuram local

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങള്‍; ജനം ദുരിതത്തില്‍

നിലമ്പൂര്‍: അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങള്‍ മൂലം ജനം ദുരിതത്തില്‍. പകല്‍ സമയങ്ങളിലും, രാത്രിയും ഇടക്കിടെ  പലസമയത്തായി വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ ജന ജീവിതം ദുരിത പൂര്‍ണ്ണമായി. വേനല്‍ ചൂട് കടുത്തതോടെ വീടുകളില്‍ ഫാനില്ലാതെ ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
ഇതിനിടയിലാണ് കെഎസ്ഇബിയുടെ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍. ചെറുകിട വ്യവസായികള്‍ക്കും, കച്ചവടക്കാര്‍ക്കും ഇത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി സബ് സ്റ്റേഷനുകളില്‍ ഓഫാക്കിയിടുന്നത്. കൂടുതല്‍ സമയം വൈദ്യുതി ലാഭിച്ചു നല്‍കുന്ന ഉദേ്യാഗസ്ഥര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.  എല്ലാം രഹസ്യമായാണെന്നു മാത്രം. അതേ സമയം വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍ പകുതി സമയവും വൈദ്യുതിയില്ലാത്ത അവസ്ഥയാണ്.
നിലമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബിയുടെ ഓഫീസുകളില്‍  അന്വേഷിച്ചാല്‍ അറ്റകുറ്റപ്പണിയാണെന്ന മറുപടി ലഭിക്കും. എവിടെയെന്ന് അനേ്വഷിച്ചാല്‍ കൃത്യമായ വിവരമില്ല. നിലവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച വൈദ്യുതി ഉപഭോഗം 50 ശതമാനത്തിലേറെ വര്‍ദ്ധിച്ചതായാണ് കണക്ക്. ഇത്തരത്തില്‍ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുമ്പോഴും ഇതിനെ മറികടക്കാന്‍ ഒരാസൂത്രണവും ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
അതേ സമയം മലപ്പുറം- നിലമ്പൂര്‍ 66 കെവി ലൈന്‍ പ്രസരണ ശേഷി കുറവാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 195 ആംപിയര്‍ വൈദ്യുതി വരെ മാത്രമേ അതിന് ശേഷി ഉള്ളൂ. ഈ ലൈന്‍ വഴിയാണ്  നിലമ്പൂര്‍, എടക്കര, പൂക്കൊട്ടുംപാടം എന്നീ സബ്‌സ്‌റേഷനുകള്‍ക്ക്— വിതരണം നടക്കുന്നത്. വേനല്‍ അയതിനാല്‍ വൈദ്യുതി ഉപയോഗം വളരെ കൂടുതലാണ്. വൈകുന്നേരം ആകുമ്പോഴേക്കും 195 ആംപിയര്‍ എന്ന പരിധി മറികടക്കുന്നുണ്ട്.
അതുകൊണ്ട് മൂന്ന് സബ് സ്റ്റ്‌റേഷനുകളുടെയും ഓരോ ഫീഡര്‍ ഇടവിട്ട് 15 മിനിറ്റ് ഓഫാക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇല്ലെങ്കില്‍ മലപ്പുറം, നിലമ്പൂര്‍ ലൈന്‍  ഓട്ടോമാറ്റിക് ഓഫാകുകയും സപ്ലൈ ഇല്ലാതാവുകയും ചെയ്യുമെന്നാണ്  വിശദീകരണം.
Next Story

RELATED STORIES

Share it