അപ്പോളോ ദൗത്യത്തില്‍ പങ്കാളിയായ ബഹിരാകാശ സഞ്ചാരി അന്തരിച്ചു

വാഷിങ്ടണ്‍: 1971ലെ അപ്പോളോ-14 ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ ആറു ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ എഡ്ഗര്‍ മിഷേല്‍ (85) അന്തരിച്ചു. വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ 45ാം വാര്‍ഷികത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഫ്‌ളോറിഡയിലെ പശ്ചിമ പാംബീച്ചിലെ അഭയകേന്ദ്രത്തിലായിരുന്നു അന്ത്യം.
അപ്പോളോ-14 ദൗത്യത്തിന്റെ തലവന്‍ അലന്‍ ഷെപ്പേര്‍ഡിനൊപ്പമാണ് മിഷേല്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയായത്. ചന്ദ്രനിലെ ഫ്രാ മൗറോ ഹൈലാന്‍ഡ്‌സില്‍ കാലുകുത്തിയ ഇവരുടെ ദൗത്യം ചന്ദ്രന്റെ ഉപരിതലത്തില്‍ സാങ്കേതിക ഉപകരണങ്ങള്‍ ഘടിപ്പിക്കല്‍, ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയവയായിരുന്നു.
ചന്ദ്രോപരിതലത്തില്‍ ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോഡ് ഇവരുടെ പേരിലാണ്. ചന്ദ്രനില്‍ കൂടുതല്‍ സമയം ചെലവഴിച്ച റെക്കോഡും ഷെപ്പേര്‍ഡിനും മിഷേലിനുമാണ്. ഇരുവരും മൊത്തം 33 മണിക്കൂറാണ് അവിടെ ചെലവഴിച്ചത്. ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യമായി കളര്‍ ടിവിയില്‍ വിവരങ്ങള്‍ അയച്ചുവെന്ന പ്രത്യേകതയും ഇവരുടെ ദൗത്യത്തിനുണ്ടായിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് കല്ലുകളും മണ്ണും ശേഖരിക്കാന്‍ മിച്ചല്‍ സഹായിച്ചു.
ഇത് യുഎസിലെ 187 ശാസ്ത്രകേന്ദ്രങ്ങളിലും 14 രാജ്യങ്ങള്‍ക്കും പഠനത്തിനായി വിതരണം ചെയ്തിരുന്നു. നാസ, യുഎസ് നേവി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. ദി വേ ഓഫ് ദി എക്‌സ്‌പ്ലോറര്‍ എന്ന പുസ്‌കവും എഴുതിയിട്ടുണ്ട്.
Next Story

RELATED STORIES

Share it