kannur local

അപ്പാര്‍ട്ട്‌മെന്റ് ഉടമയും ഗുണ്ടകളും അധ്യാപികയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു

കണ്ണൂര്‍: ഗുണ്ടകളില്‍നിന്നു ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ക്ക് പോലിസ് ഒത്താശ ചെയ്യുന്നതായും അധ്യാപകയായ വീട്ടമ്മയുടെ ആരോപണം. കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് റോഡിലെ പാര്‍ക്ക് അവന്യൂ അപാര്‍ട്ട്‌മെന്റിലെ താമസക്കാരിയും നാറാത്ത് യുപി സ്‌കൂള്‍ അധ്യാപികയുമായ കെ എന്‍ ജ്യോതിയാണ് പരാതിക്കാരി. അപാര്‍ട്ട്‌മെന്റിലെ ഫര്‍ണിച്ചറുകളും 43 പവന്‍ സ്വര്‍ണവും സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ സുപ്രധാന രേഖകളും മോഷണം പോയിരുന്നു.
ഇതുസംബന്ധിച്ച് ടൗണ്‍ പോലിസില്‍ പലവട്ടം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ല.
തനിക്കെതിരേ നേരത്തെ കേസുള്ളതിനാല്‍ പരാതി സ്വീകരിക്കാന്‍ സാധ്യമല്ലെന്നായിരുന്നു പോലിസിന്റെ ആദ്യ നിലപാട്. ഒടുവില്‍ ഒരുമാസം മുമ്പാണ് പരാതി സ്വീകരിക്കാന്‍ തയ്യാറായത്.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന പോലിസ്, ചെക്ക് ഇടപാടു സംബന്ധിച്ച് അഴീക്കോട് സ്വദേശി നല്‍കിയ പരാതിയില്‍ തനിക്കെതിരേ കേസെടുത്തിരുന്നു.
സ്ഥലം വാങ്ങാന്‍ നല്‍കിയ ചെക്ക് ആയിരുന്നെങ്കിലും തന്നോടൊപ്പം വാങ്ങാനിരുന്ന വ്യക്തിയുടെ അനാസ്ഥ കാരണമാണു നടപടിക്രമങ്ങള്‍ നിലച്ചത്. എന്നാല്‍, പോലിസ് തന്നെ അറസ്റ്റ് ചെയ്ത്  ജയിലിലടക്കുകയായിരുന്നു. പിന്നീടാണ് അപാര്‍ട്ട്‌മെന്റില്‍ കവര്‍ച്ച നടന്നത്.
എസ് എന്‍ പാര്‍ക്ക് റോഡിലെ പ്രമോദ് നാരായണന്‍, ഭാര്യ, സഹോദരന്‍ സി എം പ്രദീപന്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയപ്പോള്‍ കള്ളക്കേസില്‍ കുടുക്കുമെന്നായിരുന്നു അവരുടെ ഭീഷണി. പോലിസും മോശമായി പെരുമാറി.
തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐജിയും ജില്ലാ പോലിസ് ചീഫും നിര്‍ദേശം നല്‍കിയിട്ടും താഴേത്തട്ടിലുള്ള പോലിസ് അന്വേഷണം നടത്തുന്നില്ല. അപാര്‍ട്ട്‌മെന്റ് ഉടമയില്‍നിന്നും ഗുണ്ടകളില്‍നിന്നും വധഭീഷണി നിലനില്‍ക്കുകയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എസ്‌ഐ, സിഐ, ഡിവൈഎസ്പി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഉത്തരവാദികളെന്നും ജ്യോതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it