Pathanamthitta local

അപ്പര്‍കുട്ടനാട് മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി

തിരുവല്ല: രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ തിരുവല്ല സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാം മുമ്പാകെ ജനപ്രതിനിധികള്‍ നല്‍കിയ നിവേദനത്തിന് ധാരണയായി. അടുത്ത കാലത്ത് താലൂക്കിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട കുടിവെള്ള പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടര്‍ മുമ്പാക സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്ന് സബ് കലക്ടര്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
കല്ലിശ്ശേരി കുടിവെള്ള പദ്ധതിയില്‍ നിന്നു ജലവിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് കുറ്റൂര്‍, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായത്. കെഎസ്ടിപിയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലവിതരണ പൈപ്പുകള്‍ പൊട്ടിയതാണ് ജലവിതരണം തടസ്സപ്പെടാനിടയായതെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചത്.
തുടര്‍ന്നു സംസാരിച്ച കെഎസ്ടിപി പ്രതിനിധി 2016 ജനുവരി 26ന് മുമ്പായി പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ 26ന് പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന് യോഗത്തില്‍ ധാരണയായി. സബ് കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റന്മാരായ ശ്രീലേഖ രഘുനാഥ് (കുറ്റൂര്‍), ബീനാ ബേക്കബ്(പെരിങ്ങര), വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ് (പെരിങ്ങര), കെഎസ്ടിപി പ്രതിനിധികള്‍, തിരുവല്ല വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ആയൂര്‍വേദ
മെഡിക്കല്‍ ക്യാംപ്
പത്തനംതിട്ട: സാമൂഹികസുരക്ഷാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം പത്തനംതിട്ട നഗരസഭാ പരിധിയിലെ വയോജനങ്ങള്‍ക്കായി ടൗണ്‍ഹാളില്‍ ആയൂര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് ക്യാംപ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു അനില്‍, ഏബല്‍ മാത്യു, കൗണ്‍സിലര്‍ ശോഭ കെ മാത്യു, വയോമിത്രം കോ-ഓഡിനേറ്റര്‍ ടി ഡി പ്രേമകുമാരി, എസഐഡി കോ-ഓഡിനേറ്റര്‍ പി ജെ ജോബ് സംസാരിച്ചു. അഴൂര്‍ ആയൂര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.അനുപ ക്യാംപിന് നേതൃത്വം നല്‍കി. 150ഓളം വയോജനങ്ങള്‍ ക്യാംപിലെത്തി.
Next Story

RELATED STORIES

Share it