അപേക്ഷാസമര്‍പ്പണം അവസാനിച്ചു; പ്ലസ്‌വണ്ണിന് 5.18 ലക്ഷം അപേക്ഷകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏകജാലകം വഴിയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം അവസാനിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 5,18,410 വിദ്യാര്‍ഥികളാണ് ഈ അധ്യയനവര്‍ഷം പ്ലസ്‌വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 4,53,582 പേര്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികളാണ്. 49,029 പേര്‍ സിബിഎസ്ഇ സിലബസിലും 3,700 പേര്‍ ഐസിഎസ്ഇയിലും 12,099 പേര്‍ മറ്റുള്ള വിഭാഗത്തില്‍ പെട്ടവരുമാണ്.
പ്ലസ്‌വണ്‍ പ്രവേശനത്തിന് മെയ് 17 മുതല്‍ അപേക്ഷാ സമര്‍പ്പണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വെബ്‌സൈറ്റ് സജ്ജമാവാത്തതിനെത്തുടര്‍ന്ന് തിയ്യതി 20ലേക്ക് മാറ്റിയിരുന്നു. ഇതെത്തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മെയ് 31ല്‍ നിന്നും ജൂണ്‍ നാലിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയില്‍നിന്നാണ്- 82,275. തൊട്ടുപിന്നില്‍ കോഴിക്കോട് ജില്ലയാണ്- 52,049. കുറവ് അപേക്ഷ ലഭിച്ചത് വയനാട് ജില്ലയില്‍നിന്നാണ്.
12,617 അപേക്ഷകള്‍ മാത്രമാണ് ജില്ലയില്‍നിന്ന് ലഭിച്ചത്. തിരുവനന്തപുരം- 42,120, കൊല്ലം- 38,699, പത്തനംതിട്ട- 17,945, ആലപ്പുഴ- 32,126, കോട്ടയം- 28,410, ഇടുക്കി- 15,924, എറണാകുളം- 45,360, തൃശൂര്‍- 45,342, പാലക്കാട്- 46,310, കണ്ണൂര്‍- 39,448, കാസര്‍കോട്- 19,785 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ കണക്ക്. ഈമാസം 13നാണ് ട്രയല്‍ അലോട്ട്‌മെന്റ്. 20ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 27ന് രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി ആഗസ്ത് ഒമ്പതിന് ക്ലാസുകള്‍ ആരംഭിക്കാനാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം തീരുമാനിച്ചിരിക്കുന്നത്.
പ്രധാന അലോട്ട്‌മെന്റുകള്‍ക്ക് ശേഷം പുതിയ അപേക്ഷകള്‍കൂടി പരിഗണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തി ജൂലൈ 30ന് പ്രവേശനം പൂര്‍ത്തിയാക്കും. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ രണ്ടുഘട്ടങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകരില്‍നിന്ന് തിരുത്തലിനുള്ള അപേക്ഷകള്‍ നാളെ വൈകീട്ട് നാലുമണി വരെ സ്വീകരിക്കും. എന്നാല്‍, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചശേഷം പരീക്ഷാഭവനില്‍നിന്നും ഗ്രേസ്മാര്‍ക്ക് അനുവദിച്ച ഗ്രേഡില്‍ വ്യത്യാസം വന്നവരുടെ തിരുത്തല്‍ അപേക്ഷകള്‍ ട്രയല്‍ അലോട്ട്‌മെന്റിനുശേഷമുള്ള തിരുത്തലിനുള്ള അവസരത്തിലായിരിക്കും പരിഗണിക്കുക. സ്‌കൂളുകളില്‍ ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി, വെരിഫിക്കേഷന്‍ എന്നിവ നാളെ വൈകീട്ട് നാലിന് മുമ്പായി പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it