അപൂര്‍വ രോഗം ബാധിച്ച കുരുന്നിനോട് ക്രൂരത; സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു മടി

കൊച്ചി: അപൂര്‍വ രോഗം ബാധിച്ച കുരുന്നിന് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ അട്ടിമറിച്ച് ഉദ്യോഗസ്ഥരുടെ ക്രൂരത. തൃക്കാക്കര പള്ളിലാംകര സ്വദേശികളായ ലൈബിന്‍-അനിത ദമ്പതികളുടെ മകള്‍ ലൈവിത(4)യ്ക്കു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നാലുവര്‍ഷമായിട്ടും നല്‍കാതെ ബന്ധപ്പെട്ട അധികൃതര്‍ ഒളിച്ചുകളിക്കുകയാണെന്ന് പിതാവ് ലൈബിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തേവക്കലിലെ ഒരു വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. ശരീരമാസകലം തൊലിപൊളിയുന്ന രോഗവുമായാണ് ലൈവിതയുടെ ജനനം. കണ്‍പീലികള്‍ ചലിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കണ്ണുകള്‍ അടയ്ക്കാനാവുന്നില്ല. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ശരീരം ചുട്ടുപൊള്ളുമെന്നതിനാല്‍ ഏറിയ സമയത്തും എസിയുള്ള മുറിയില്‍ വേണം കഴിയാന്‍. ഓട്ടോഡ്രൈവറായ ലൈബിന്റെ തുച്ഛവരുമാനത്തിലാണു ചികില്‍സയും മറ്റു ചെലവുകളും നടക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ സമയത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കുടുംബത്തിന്റെ ദുരിതം തിരിച്ചറിഞ്ഞ് മൂന്ന് സെന്റ് സ്ഥലവും അതില്‍ വീടും മറ്റു സൗകര്യങ്ങളും കുട്ടിക്ക് പെന്‍ഷനും പിതാവിന് ഓട്ടോയും നല്‍കാമെന്നറിയിച്ചതാണ്. എന്നാ ല്‍, കുട്ടിക്ക് മാസംതോറും 1,200 രൂപ പെന്‍ഷന്‍ കിട്ടുന്നതൊഴിച്ചാല്‍ മറ്റു സഹായങ്ങള്‍ വാഗ്ദാനങ്ങളിലൊതുങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് കുട്ടിയുടെ അവസ്ഥ ബോധിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. സര്‍ക്കാര്‍തലത്തില്‍ നിന്ന്് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഉദ്യോഗസ്ഥരാണ് കബളിപ്പിക്കുന്നതെന്നു ലൈബിന്‍ പറഞ്ഞു.
അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുമായി തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കാണാനുള്ള ഒരുക്കത്തിലാണെന്ന് നാഷനല്‍ സെക്യുലര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജലീല്‍ പുനലൂര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it