Flash News

അപാര്‍ട്ട്‌മെന്റിലുണ്ടായ അഗ്‌നിബാധയില്‍ മാതാവും രണ്ടു മക്കളുമടക്കം അഞ്ചു പേര്‍ മരിച്ചു

അപാര്‍ട്ട്‌മെന്റിലുണ്ടായ അഗ്‌നിബാധയില്‍ മാതാവും രണ്ടു മക്കളുമടക്കം അഞ്ചു പേര്‍ മരിച്ചു
X
ഷാര്‍ജ: ഷാര്‍ജ അല്‍ബുതീനയിലെ അപാര്‍ട്ട്‌മെന്റിലുണ്ടായ അഗ്‌നിബാധയില്‍ മാതാവും രണ്ടു മക്കളുമടക്കം അഞ്ചു പേര്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 1.15ഓടെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണങ്ങളിലൂടെ അറിയുന്നത്. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ എട്ടു പേരെ കുവൈത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.


മൊറോക്കന്‍ വംശജയും (38) നാലും ആറും വയസ് പ്രായമുള്ള മക്കളും ഇന്ത്യന്‍ വംശജനും (35) പാക്കിസ്താനി വനിതയും (40) ആണ് മരിച്ചത്.
മൂന്നു നിലക്കെട്ടിടത്തിന്റെ ആദ്യ നിലയിലെ ബാച്ചിലര്‍ അപാര്‍ട്ട്‌മെന്റിലെ എയര്‍ കണ്ടീഷനറില്‍ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടതെന്ന് വ്യക്തമായതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് അല്‍നഖ്ബി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മറ്റു താമസക്കാരെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
തീയണക്കുന്നതിനിടെ പത്ത് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും പൊള്ളലേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി.
രണ്ട്, മൂന്ന് നിലകളിലെ മറ്റു അപാര്‍ട്ട്‌മെന്റുകളിലേക്കും പുക വ്യാപിക്കുകയാണുണ്ടായത്. മരിച്ച ഇന്ത്യക്കാരന്‍ യു.പി സ്വദേശിയാണ്. അടുത്തിടെ കുടുംബത്തെ നാട്ടിലാക്കി ഇദ്ദേഹം ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇദ്ദേഹം ഫോണ്‍ എടുക്കാതായതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന അറേബ്യന്‍ ഒയാസിസ് കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. തീപിടിത്തത്തിന് പിന്നില്‍ ക്രിമിനല്‍ ലക്ഷ്യമുള്ളതായി ബോധ്യമായിട്ടില്ലെന്ന് ഷാര്‍ജ പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത്ത് പറഞ്ഞു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷണത്തിലൂടെയേ അറിയാനാവുകയുള്ളൂ.
15 അപാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ളവരെ സുരക്ഷിതമായി മാറ്റി. ഈ ഏരിയ പൊലീസ് ബന്തവസ്സാക്കിയാണ് രക്ഷാ ടീം ദൗത്യമാരംഭിച്ചത്. തീപിടിത്ത വിവരവമറിഞ്ഞ് രണ്ടു മിനിറ്റിനകം ഷാര്‍ജ സിവില്‍ ഡിഫന്‍സ്, അന്‍ജാദ് പട്രോള്‍ സംഘങ്ങള്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു.
Next Story

RELATED STORIES

Share it